വായ്പ കുടിശ്ശിക വരുത്തിയ കേസിൽ കർഷകൻ റിമാൻഡിൽ; ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി
text_fieldsപുൽപള്ളി: വായ്പ കുടിശ്ശിക വരുത്തിയതിന് ബാങ്ക് നൽകിയ കേസിൽ കർഷകനെ കോടതി റിമാൻഡ് ചെയ്തു. ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കൽ സുകുമാരനെയാണ് (60) ബത്തേരി സബ്കോടതി റിമാൻഡ് ചെയ്തത്. കർഷകൻ കണ്ണൂർ സെൻട്രൽ ജയിലിലാണ്. സുകുമാരെൻറ പേരിലുള്ള അങ്ങാടിശ്ശേരിയിലെ 75 സെൻറ് സ്ഥലം പണയപ്പെടുത്തി ഇരുളം സൗത് മലബാർ ഗ്രാമീണബാങ്കിൽനിന്ന് 1999ൽ 99,000 രൂപ വായ്പയെടുത്തിരുന്നു. അതിപ്പോൾ അഞ്ചേമുക്കാൽ ലക്ഷം രൂപയായി. കാർഷികേതര വായ്പയായാണ് ബാങ്ക് നൽകിയത്. ഈ തുക കൃഷിയാവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. കാർഷികവിള നാശത്തെ തുടർന്ന് തുക യഥാസമയം തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. ബാങ്ക് വായ്പാ സെറ്റിൽമെൻറിൽ, ഈടുവെച്ച സ്ഥലം ബാങ്കിന് വിട്ടുകൊടുക്കാമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, ബാങ്ക് ഏറ്റെടുക്കാൻ തയാറായില്ലത്രെ. സുകുമാരൻ എടുത്ത വായ്പ കാർഷികേതരമാണെന്നും രണ്ടരലക്ഷം രൂപ അടച്ച് സെറ്റിൽമെൻറാക്കാമെന്നും അറിയിച്ചത് ഇയാൾ അംഗീകരിച്ചില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു. സുകുമാരനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു. ജില്ലാ കലക്ടർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. കലക്ടറുടെ നിർദേശാനുസരണം എ.ഡി.എം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
രണ്ടാം വട്ടം ബാങ്കിെൻറ റീജ്യണൽ ശാഖ അധികൃതരുമായി നടത്തിയ ചർച്ചയും ഫലം കാണാത്തതിനെ തുടർന്ന് ലീഡ് ബാങ്ക് അധികൃതരുമായി രാത്രി വൈകിയും ചർച്ച തുടരുകയാണ്. മാനേജരടക്കം ആറ് അംഗങ്ങൾ ബാങ്കിൽ രാത്രി വൈകിയും കുടുങ്ങിയിരിക്കുകയാണ്. സ്ഥലത്ത് വനിതാപൊലീസടക്കം കൂടുതൽ സേനയെത്തിയിട്ടുണ്ട്.
ഇരുളം ബാങ്ക് ജപ്തി നടപടി:
മുഖ്യമന്ത്രി കലക്ടർക്ക് നിർദേശം നൽകി
വയനാട് ജില്ലയിലെ ഇരുളം കേരള ഗ്രാമീണ ബാങ്കിലെ ജപ്തി നടപടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബാങ്ക് അധികൃതരുമായി സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.