ബീഫ് വിൽപനക്കെതിരെ സർക്കാർ സ്ഥാപനത്തിൽ ഭീഷണി
text_fieldsകാക്കനാട്: ബീഫ് വിൽപനക്കെതിരെ സർക്കാർ സ്ഥാപനത്തിൽ ഭീഷണി. കാക്കനാട് സീ പോർട്ട്–എയർപോർട്ട് റോഡിൽ ഹോർട്ടി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെ (എം.പി.ഐ) വിൽപന ശാലയിലെത്തിയ രണ്ടംഗ സംഘമാണ് മാട്ടിറച്ചി വിറ്റാൽ സ്ഥാപനം അടിച്ചുപൊളിക്കുമെന്ന് ഭീഷണി മുഴക്കിയത്. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എം.പി.ഐ മാനേജിങ് ഡയറക്ടർ എം.പി. ജോൺ തൃക്കാക്കര പൊലീസിൽ പരാതി നൽകി.
ഇറച്ചി വിൽപന നടത്തിയാൽ ഡൽഹി കേരള ഹൗസിലെ അനുഭവമുണ്ടാകുമെന്നായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിെൻറ ഭീഷണി. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വിൽപനശാലയിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ജീവനക്കാരിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ബീഫ് ചോദിച്ചാണ് ഇവർ വന്നതെന്ന് ജീവനക്കാരി പറഞ്ഞു. ജീവനക്കാരി ബീഫ് കൊടുക്കാൻ തുനിഞ്ഞപ്പോൾ, മാട്ടിറച്ചി വിൽപന നടത്താൻ പാടില്ലെന്ന് അറിയില്ലേ എന്ന് ചോദിച്ച് ഭീഷണിമുഴക്കി. വിൽപന തുടർന്നാൽ അടുത്തദിവസം കൂടുതൽ ആളുകളെത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
മൃഗക്ഷേമ–കൃഷി വകുപ്പിെൻറ അധീനതയിൽ പ്രവർത്തിക്കുന്ന എം.പി.ഐയുടെ വിൽപനശാല അടുത്തകാലത്താണ് കാക്കനാട്ട് പ്രവർത്തനം തുടങ്ങിയത്. എം.പി.ഐ നേരിട്ട് നടത്തുന്ന ജില്ലയിലെ ഏക വിൽപനശലായാണിത്. ഇവിടെ നിരവധി പേരാണ് നിത്യവും മാംസവിഭവങ്ങൾ വാങ്ങാനെത്തുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്നും പൊലീസിെൻറ സജീവ നിരീക്ഷണം ഉണ്ടാകുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.