സ്വാമി ശാശ്വതീകാനന്ദയുടെ മരണം: സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു
text_fieldsആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണെൻറ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ. മധുവിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുകയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുകയും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദയെ ആലുവ അദ്വൈതാശ്രമത്തിലെ കുളിക്കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയും ചെയ്തു.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി 2013 ഡിസംബർ 31ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകി. സ്വാഭാവിക മുങ്ങിമരണം എന്ന നിലയിലായിരുന്നു കണ്ടെത്തൽ. സമീപകാലത്ത് മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി പലരും മുന്നോട്ടുവന്നു. സ്വാമിയുടെ സഹോദരി ശാന്തകുമാരിയും മറ്റു ബന്ധുക്കളും ആഭ്യന്തരമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് നിവേദനവും നൽകി. കൂടാതെ, മുഖ്യമന്ത്രിക്കും കത്ത് നൽകി.
ഈ പരാതികൾ ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ പരിശോധിച്ച് തുടർ നടപടികൾക്കായി ക്രൈംബ്രാഞ്ചിന് കൈമാറി. പരാതികളിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. പരാതികൾ പരിശോധിച്ച ക്രൈംബ്രാഞ്ച് കൂടുതൽ വിവരങ്ങൾ വന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത് ശരിയല്ല. തുടരന്വേഷണം പൂർത്തിയാക്കുന്നതിന് സമയം നിശ്ചയിച്ചിട്ടില്ല. സി.പി.എം നേതാവ് എം.എം. മണിക്കെതിരെ തുടരന്വേഷണം നടന്നത് ചില വെളുപ്പെടുത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു. ആ രീതിയിലാണ് ഇതും.
മാധ്യമങ്ങളിലും വലിയ പ്രചാരണം സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്. ആരെ ചോദ്യംചെയ്യണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഏതുരീതിയിൽ വേണമെന്നും പ്രത്യേകസംഘം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഹൈകോടതി നടത്തിയ നിരീക്ഷണവും സർക്കാറിനെ തുടരന്വേഷണ തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. നീന്തൽ അറിയാവുന്നയാൾ എങ്ങനെ മുങ്ങിമരിച്ചെന്നും തുടരന്വേഷണം നടത്തുന്നതിൽ തടസ്സമെന്തെങ്കിലും ഉണ്ടോയെന്നും ഹൈകോടതി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.