സ്ത്രീ സാന്നിധ്യം: മുസ് ലിം പണ്ഡിതരുടെ വിരുദ്ധ അഭിപ്രായങ്ങള്‍ വൈറലാകുന്നു
text_fieldsകോഴിക്കോട്: മുസ്ലിം സ്ത്രീകളെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഇറക്കുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതരും പ്രഭാഷകരും വിവിധ ഘട്ടങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ചാനല്‍ അഭിമുഖങ്ങളുമാണ് സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളൊഴിച്ച് മറ്റുള്ളവരൊക്കെ സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത് മതവിരുദ്ധമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ചാനല്‍ അഭിമുഖത്തില്‍ സ്ത്രീ സംവരണം കൂടിപ്പോയെന്ന് അഭിപ്രായപ്പെട്ട കാന്തപുരം, മിക്ക സ്ഥലങ്ങളിലും സ്ത്രീകളെ മുന്നില്‍വെച്ച് പുരുഷന്മാര്‍ ഭരണം നടത്തി ഒന്നുമല്ലാതായിപ്പോയ പഞ്ചായത്തുകളെക്കുറിച്ചാണ് പരിഭവപ്പെട്ടത്. മിക്കയിടങ്ങളിലും ഭര്‍ത്താവിന്‍െറ അഡ്രസിലാണ് സ്ത്രീകള്‍ മത്സരിച്ചതുതന്നെ. പിന്‍വാതിലില്‍ ഭരണം ഭര്‍ത്താവ് നടത്തി ഒപ്പിടാന്‍മാത്രം സ്ത്രീകളെ ഉപയോഗിക്കുന്ന അവസ്ഥയാണുണ്ടായത്. സ്ത്രീകള്‍ക്ക് സംവരണമല്ല, സംരക്ഷണമാണ് നല്‍കേണ്ടതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറികൂടിയായ അബ്ദുസ്സമദ് സമദാനിയുടെ പ്രഭാഷണത്തില്‍ സ്ത്രീകളെ പൊതുരംഗത്തിറക്കുന്നത് ഇസ്ലാമിക ശൈലിക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പെണ്ണിനെ ഭരണാധികാരമേല്‍പിക്കുന്നവരെ പ്രവാചകന്‍ ശപിച്ചിട്ടുണ്ട്. റസൂല്‍ ശപിച്ചാല്‍ പിന്നെ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. പ്രവാചകന്‍ കല്‍പിച്ചതാണ് തന്‍െറ മാര്‍ഗരേഖ. നാട്ടില്‍ നടക്കുന്നതല്ല നോക്കുകയെന്നും പ്രഭാഷണത്തില്‍ പറയുന്നു.
എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്‍റും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്ത്രീകളെ പൊതുരംഗത്ത് ഇറക്കിയതുകൊണ്ട് പ്രഗല്ഭരായ ഭരണാധികാരികളെ ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന അഭിപ്രായക്കാരനാണ്. മുസ്ലിം വനിതകളെ പൊതുരംഗത്തിറക്കുമ്പോള്‍ തുടക്കത്തില്‍ ലീഗിന് ആശങ്കയുണ്ടായിരുന്നു. സ്ത്രീകളെ സ്ഥാനാര്‍ഥികളായി കിട്ടുമോ എന്നുപോലും ശങ്കിച്ചു. ലീഗ് പരിശ്രമിച്ചപ്പോള്‍ വിദ്യാസമ്പന്നരായ പ്രതിഭകളെ പൊതുരംഗത്തിറക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭര്‍ത്താവിന്‍െറ ഫോട്ടോവെച്ച് ചിലയിടങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതിനെ അദ്ദേഹം വിമര്‍ശിക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കേണ്ടതല്ല. ഭാര്യയുടെ ചെലവില്‍ ഭര്‍ത്താവ് ആളാകുന്നത് ഉചിതമല്ളെന്നും അദ്ദേഹം പറയുന്നു.
മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കുന്നത് മതപരമായി തെറ്റാണെന്നാണ് ഇടത് സഹയാത്രികന്‍കൂടിയായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറയുന്നത്. കസേരക്കുവേണ്ടി സമുദായത്തിന്‍െറ ദൗര്‍ബല്യം മുതലെടുക്കരുത്. സംവരണത്തിന്‍െറ പേരിലാണ് മുസ്ലിം സ്ത്രീകളെ രംഗത്തിറക്കുന്നതെങ്കില്‍ പലിശസ്ഥാപനങ്ങളിലും ബാര്‍ അനുവദിക്കുന്നതിലും നമ്മള്‍ ഈ സംവരണം ചോദിച്ചുവാങ്ങുമോയെന്നാണ് അദ്ദേഹത്തിന്‍െറ ചോദ്യം.
സുന്നി യുവജനസംഘം നേതാവും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നിര്‍ബന്ധ സാഹചര്യത്തില്‍ മതതത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് സംവരണ സീറ്റില്‍ മത്സരിക്കുന്നതില്‍ തെറ്റില്ളെന്ന പക്ഷക്കാരനാണ്. എസ്.കെ.എസ്.എസ്.എഫിന്‍െറ നേതാവും പ്രമുഖ മതപ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി മുസ്ലിം സ്ത്രീകളെ പൊതുരംഗത്തിറക്കുന്നതിനെതിരെ കടുത്തരീതിയിലാണ് വിമര്‍ശിക്കുന്നത്. വനിതകളെ പൊതുപ്രവര്‍ത്തനത്തിനിറക്കാന്‍ പാടില്ളെന്നത് അല്ലാഹുവിന്‍െറ നിയമമാണ്. ഭാര്യയെ മെംബറാക്കുന്നത് ഹറാമാണ്. പുതുതലമുറയുടെ സൃഷ്ടിപ്പ് നടത്തേണ്ട ഉമ്മമാരെ മുഷ്ടിചുരുട്ടാന്‍ റോഡിലിറക്കുന്നത് പാതകമാണ്. അത് ഇസ്ലാമിന്‍െറ പേരില്‍ ചെയ്യരുത്. അവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റാവാന്‍ പറ്റില്ല. ഇനി അങ്ങനെ വേണമെങ്കില്‍ മുസ്ലിമിന്‍െറ പേര് മാറ്റിക്കോയെന്നും പ്രഭാഷണത്തില്‍ പറയുന്നുണ്ട്.
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ നാസര്‍ ഫൈസി കൂടത്തായി സംവരണ സീറ്റില്‍മാത്രം വനിതകള്‍ക്ക് മത്സരിക്കാമെന്നാണ് മതവിധി നല്‍കുന്നത്. രാജ്യത്തെ നിയമമനുസരിക്കല്‍ മുസ്ലിമിന്‍െറ കടമയായതിനാലാണിത്. വനിതാ സംവരണ പഞ്ചായത്തുകളില്‍ പ്രസിഡന്‍റ് പദവി കൈകാര്യം ചെയ്യുകയും ചെയ്യാം. എന്നാല്‍, ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീ മത്സരിക്കാന്‍ ഒരിക്കലും പാടില്ല. വിജയസാധ്യതയുണ്ടെന്നുപറഞ്ഞ് ചിലര്‍ മുസ്ലിം സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്‍റാക്കുന്നു. ഇത് നിഷിദ്ധമാണെന്നും സംവരണ സീറ്റില്‍ മത്സരിക്കുന്നതേ ഹലാലാവൂ എന്നുമാണ് നാസര്‍ ഫൈസിയുടെ ഫത് വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.