വോട്ട് ചെയ്യുന്നത് ഇങ്ങനെ
text_fieldsത്രിതല പഞ്ചായത്ത് വോട്ടെടുപ്പിന് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിൽ പ്രവേശിച്ചാൽ പോളിങ് ഓഫിസർ വോട്ടറുടെ തിരിച്ചറിയൽരേഖയും വോട്ടർപട്ടികയിലെ പേരുവിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും. തൊട്ടടുത്ത പോളിങ് ഓഫിസർ ചൂണ്ടുവിരലിൽ മായാത്ത മഷിയടയാളം പതിപ്പിക്കും. തുടർന്ന് വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തണം. വോട്ട് ചെയ്യാനുള്ള സ്ലിപ് അവിടെനിന്ന് ലഭിക്കും. സ്ലിപ്പുമായി വോട്ടുയന്ത്രത്തിെൻറ കൺട്രോൾ യൂനിറ്റിെൻറ ചുമതലയുള്ള പോളിങ് ഓഫിസറെ സമീപിക്കണം. സ്ലിപ്പ് പരിശോധിച്ച് ഉദ്യോഗസ്ഥൻ കൺട്രോൾ യൂനിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അപ്പോൾ യന്ത്രം വോട്ട് ചെയ്യാൻ സജ്ജമാവും. അപ്പോൾ സമ്മതിദായകന് വോട്ടിങ് കമ്പാർട്ട്മെൻറിലേക്ക് പോകാം.
മൂന്ന് യൂനിറ്റുകളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഗ്രാമപഞ്ചായത്ത്–ബ്ലോക് പഞ്ചായത്ത്–ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് യൂനിറ്റുകൾ സജ്ജീകരിക്കുന്നത്. വോട്ട് രേഖപ്പെടുത്താൻ തയാറാണെന്ന് വ്യക്തമാക്കുന്ന പച്ച നിറത്തിലെ ചെറിയ ലൈറ്റ് ഓരോ ബാലറ്റ് യൂനിറ്റിെൻറയും ഏറ്റവും മുകളിൽ ഇടതുഭാഗത്തായി തെളിയും. ആദ്യത്തെ യൂനിറ്റിൽ ഗ്രാമപഞ്ചായത്ത് വാർഡിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും വെള്ള നിറത്തിലുള്ള ലേബലിൽ പതിച്ചിരിക്കും. ഏത് സ്ഥാനാർഥിക്കാണോ വോട്ട് ചെയ്യേണ്ടത് ആ ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ വിരലമർത്തണം. അപ്പോൾ ബീപ് ശബ്ദം ഉയരുകയും ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുകയും ചെയ്യും. ഇതോടെ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥിക്കുള്ള വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇതുപോലെയാണ് മറ്റ് രണ്ട് യൂനിറ്റിലും വോട്ട് രേഖപ്പെടുത്തേണ്ടത്. ബ്ലോക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂനിറ്റിൽ പിങ്ക് ലേബലും ജില്ലാ തലത്തിലേക്കുള്ളതിൽ ഇളം നീല ലേബലുമായിരിക്കും. മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂനിറ്റുകളിൽ വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കും. ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂനിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ ബാലറ്റ് യൂനിറ്റിൽ അവസാനം ചുവന്ന നിറമുള്ള ‘എൻഡ്’ ബട്ടൺ അമർത്തിയാൽ വോട്ടിങ് പ്രക്രിയ പൂർണമാകും. മൂന്നുതലത്തിലും വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഈ ബട്ടൺ അമർത്തേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.