കാര്‍ഷിക സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി പീഡനം: അന്വേഷണം പൂര്‍ത്തിയായി
text_fieldsതൃശൂര്‍: ദലിത് ഗവേഷണ വിദ്യാര്‍ഥിയുടെ പിഎച്ച്.ഡി മന$പൂര്‍വം വൈകിപ്പിച്ച സംഭവത്തില്‍ കാര്‍ഷിക സര്‍വകലാശാല എസ്.സി-എസ്.ടി സെല്ലിന്‍െറ അന്വേഷണം പൂര്‍ത്തിയായി.
പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വകുപ്പധ്യക്ഷ ജാതീയ വിവേചനം കാണിച്ചെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശി ടി. രാജേഷ് ഉറച്ചുനിന്നു. ഒരു മാസത്തിനിടെ, സര്‍വകലാശാല നിയോഗിച്ച രണ്ടാമത്തെ അന്വേഷണ സമിതിക്ക് മുമ്പാകെയാണ് രാജേഷ് പരാതി ആവര്‍ത്തിച്ചത്.
തന്‍െറ ജാതി ഏതെന്ന് അറിയില്ളെന്ന മുന്‍ വകുപ്പധ്യക്ഷ സി.ആര്‍. എല്‍സിയുടെ വാദം ശരിയല്ളെന്ന് രാജേഷ് സമിതിക്ക് മൊഴി നല്‍കി. പട്ടികജാതി സ്കോളര്‍ഷിപിനുള്ള അപേക്ഷ വകുപ്പ് മേധാവിയുടെ ഒപ്പ് ലഭിക്കാന്‍ നല്‍കിയശേഷമാണ് പീഡനം തുടങ്ങിയത്. ജാതീയമായി ആക്ഷേപിച്ചത് കൂടാതെ മാനഹാനി ഉണ്ടാകുന്ന വിധം നിര്‍ധനനായ തന്‍െറ വസ്ത്രധാരണം, വൃത്തി, വ്യക്തിത്വം എന്നിവയെക്കുറിച്ച് മറ്റുള്ളവരുടെ മുന്നില്‍ അധിക്ഷേപിച്ചതായും രാജേഷ് മൊഴി കൊടുത്തതായാണ് അറിവ്.
ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ളാന്‍റ് ബ്രീഡിങ് വകുപ്പില്‍ സെമിനാറുകളും പരിശീലനങ്ങളും നടത്തുമ്പോള്‍ നല്‍കിയ പൊതുസദ്യകളില്‍നിന്ന് ദലിതനായ തന്നെ മന$പൂര്‍വം ഒഴിവാക്കി. ഇത് മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ അപഹാസ്യനാക്കി. തുടര്‍ച്ചയായ പീഡനങ്ങള്‍ക്കെതിരെ 2013ല്‍ പരാതി നല്‍കിയിരുന്നു. പീഡനം തുടരില്ളെന്ന് വകുപ്പധ്യക്ഷ ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പരാതി പിന്‍വലിച്ചു. ഇതിന്‍െറ രേഖകള്‍ കോളജ് ഫയലിലുണ്ടെന്നും രാജേഷ് സമിതി മുമ്പാകെ പറഞ്ഞു.
പിഎച്ച്.ഡി രണ്ട് വര്‍ഷത്തിലേറെ വൈകിപ്പിച്ചതിനാല്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി നിയമനം കിട്ടാനുള്ള അവസരം ഇല്ലാതായി. ആദ്യ പരാതി അന്വേഷിച്ച കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ. കോശി എബ്രഹാം തന്‍െറ പിഎച്ച്.ഡി ഗവേഷണം സുഗമമായി പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കാന്‍ കോളജ് അസോസിയേറ്റ് ഡീന്‍ മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും പിന്നീട് ഡോ. കോശി എബ്രഹാം ഡീനിന്‍െറ ചുമതല ഏറ്റെടുത്തപ്പോള്‍ പലതവണ അദ്ദേഹത്തോട് വകുപ്പധ്യക്ഷയുടെ പീഡനം ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ തയാറായില്ളെന്നും രാജേഷ് സമിതി മുമ്പാകെ പറഞ്ഞു.
പട്ടികജാതി-ഗോത്രവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള സംസ്ഥാന കമീഷന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പുന$സംഘടിപ്പിച്ച ഉപദേശക സമിതിയാണ് രാജേഷിന്‍െറ പരാതിയില്‍ രണ്ടാമത്തെ അന്വേഷണം നടത്തുന്നത്. ദലിത് വിദ്യാര്‍ഥികളുടെ അക്കാദമിക പരാതി പരിശോധിക്കാന്‍ യു.ജി.സി നിര്‍ദേശിച്ച സെല്‍ ഇപ്പോഴും സര്‍വകലാശാലയില്‍ രൂപവത്കരിച്ചിട്ടില്ല. ഇപ്പോള്‍ പേരിന് പുന$സംഘടിപ്പിച്ച സമിതിയില്‍ ആകെയുള്ള ഒമ്പത് അംഗങ്ങളില്‍ നാലുപേര്‍ മാത്രമാണ് ദലിത് വിഭാഗത്തില്‍നിന്നുള്ളത്. അതേസമയം, സമിതി അധ്യക്ഷനെ മറികടന്ന് രജിസ്ട്രാറാണ് തെളിവെടുപ്പിന്‍െറ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംഭവവുമായി ബന്ധമില്ലാത്ത രണ്ട് പിഎച്ച്.ഡി വിദ്യാര്‍ഥികളെ മുന്‍ വകുപ്പധ്യക്ഷക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സമിതി മുമ്പാകെ കൊണ്ടുവന്നെന്നും ഇതേ അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹിയും ജനറല്‍ കൗണ്‍സില്‍ അംഗവുമായ ഒരു ഡയറക്ടറും പരാതി ഒതുക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
ഇതിനിടെ, രാജേഷിന്‍െറ പിഎച്ച്.ഡി ഡിഫന്‍സ് സെമിനാര്‍ ശനിയാഴ്ച രാവിലെ 10.30ന് വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.