പോളിയോക്കെതിരെ ഇരട്ടപ്രതിരോധം; കുത്തിവെപ്പില്‍ ഐ.പി.വികൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം
text_fields
തിരുവനന്തപുരം: പോളിയോക്കെതിരെ ഇരട്ടപ്രതിരോധം ഉറപ്പാക്കുന്ന നിര്‍ജീവ പോളിയോ വൈറസ് പ്രതിരോധ കുത്തിവെപ്പ് (ഐ.പി.വി) കൂടി ഉള്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ ഇതരസംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും സാധാരണ നല്‍കിവരുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ കൂടെ ഇതും നല്‍കും. ലോകാരോഗ്യ സംഘടന 2014 മാര്‍ച്ച് 27ന് ഇന്ത്യ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും പോളിയോ രോഗപ്രതിരോധത്തിന് തുള്ളിമരുന്ന് നല്‍കുന്നുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ പലയിടത്തും പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നു. പോളിയോ പകര്‍ച്ചവ്യാധി ആയതിനാലും അതുണ്ടാക്കുന്ന ഫലം മാരകമായതിനാലുമാണ് നിര്‍മാര്‍ജന പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് അറിയിച്ചു.
നിര്‍ജീവ പോളിയോ വൈറസ് പ്രതിരോധ കുത്തിവെപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി ലഭിക്കും. പോളിയോ രോഗം പരത്തുന്നത് മൂന്നുതരം വൈറസുകളാണ്. പ്രതിരോധ കുത്തിവെപ്പില്‍ ഈ മൂന്നുതരം വൈറസുകളുടെയും ജീവനില്ലാത്ത സൂഷ്മാണുക്കളാണുള്ളത്. ഇത്തരം നിര്‍ജീവ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ പോളിയോക്കെതിരെ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും ആജീവനാന്ത രോഗപ്രതിരോധ ശക്തി സംജാതമാകുകയും ചെയ്യും. ഈ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങളില്ല. കുഞ്ഞ് ജനിച്ച് ആറാമത്തെയും 14ാമത്തെയും ആഴ്ചകളില്‍ ഓരോ കുത്തിവെപ്പാണ് എടുക്കേണ്ടത്.
നിസ്സാര അളവില്‍ (0.1 എം.എല്‍) തൊലിക്കുള്ളിലാണ് കുത്തിവെപ്പ് എടുക്കേണ്ടത്. ഇതിന് പരിചയസമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.