രാഹുൽ ഗാന്ധിക്ക് കത്തെഴുതിയിട്ടില്ല; പിന്നിൽ ഗൂഢാലോചന -പ്രതാപൻ
text_fieldsതൃശൂർ: കയ്പമംഗലത്ത് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ടി.എൻ പ്രതാപൻ എം.എൽ.എ. ഇത്തരത്തിൽ ഒരു കത്ത് രാഹുൽ ഗാന്ധിക്ക് അയച്ചിട്ടില്ല. ഈ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഈ വിഷയത്തെ പറ്റി വി.എം സുധീരനോട് ചോദിച്ചപ്പോൾ ഇത്തരത്തിലൊരു കത്ത് ഇല്ല എന്നാണ് അദ്ദേഹം അറിയിച്ചത്. കയ്പമംഗലത്ത് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് രാഹുൽ ഗാന്ധി തന്നോട് നിർദേശിച്ചതായും പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.
മത്സരിക്കില്ലെന്ന നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ യുവാക്കൾക്ക് മാറിക്കൊടുക്കണമായിരുന്നു എന്ന ഡീൻ കുര്യാക്കോസിൻെറ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ, താൻ കാരണം ആർക്കും സീറ്റ് നഷ്ടമാകില്ലെന്ന് പ്രതാപൻ പറഞ്ഞു. കെ.എസ്.യു നേതാവ് ശോഭ സുബിനെ കയ്പമംഗലത്ത് മത്സരിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻെറയും അവസരം നഷ്ടമാകില്ല. അക്കാര്യത്തിൽ ഡീൻ കുര്യാക്കോസ് പേടിക്കേണ്ടതില്ല. ആറും ഏഴും എട്ടും തവണ മത്സരിച്ചവർ മാറിക്കൊടുക്കുന്നതിന് മുമ്പ് മൂന്ന് തവണ എം.എൽ.എ ആയ താനാണ് മാറിക്കൊടുക്കേണ്ടത് എന്ന ബോധ്യത്തിൻെറ അടിസ്ഥാനത്തിലാണ് മത്സരിക്കില്ല എന്ന തീരുമാനമെടുത്തത്.
കത്ത് വാർത്ത പുറത്തുവന്നയുടൻ ഡീൻ കുര്യാക്കോസ് നടത്തിയ പ്രതികരണത്തിലൂടെ എല്ലാം മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഇത്തരം ആരോപണങ്ങൾ കൊണ്ട് വി.എം സുധീരൻെറയോ എൻെറയോ നിലപാടുകളിൽ മാറ്റം വരുത്താൻ സാധിക്കില്ല. സന്തോഷ് മാധവൻ, കരുണ എസ്റ്റേറ്റ്, മെത്രാൻ കായൽ, പീരുമേട് തുടങ്ങിയ വിഷയങ്ങളിൽ ഗൂഢാലോചന നടത്തിയവർക്ക് തന്നെ പിന്തിരിപ്പിക്കാൻ സാധിക്കില്ല. അടുത്ത തവണ യു.ഡി.എഫ് തന്നെ അധികാരത്തിൽ വരാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നതെന്നും പ്രതാപൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിക്ക് പ്രതാപൻ കത്തയച്ചെന്ന വാർത്ത വ്യാജമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മാധ്യമങ്ങളെ അറിയിച്ചു.
കയ്പമംഗലം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ ടി.എൻ പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതി എന്നായിരുന്നു നേരത്തെ വന്ന വാർത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.