കോൺഗ്രസിൽ തർക്കം തുടരുന്നു; ഉമ്മന്‍ചാണ്ടിയും സുധീരനും കേരളത്തിലേക്ക്
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് സീറ്റ് നിര്‍ണയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ഒത്തുതീര്‍പ്പു ചര്‍ച്ചയാണ് സമവായം ഉണ്ടാക്കാനാകാതെ പൊളിഞ്ഞത്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം അനിശ്ചിതമായി നീട്ടിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച രാവിലെയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉച്ചക്കും കേരളത്തിലേക്ക് മടങ്ങും.
തുടര്‍ച്ചയായ ആറു ദിവസം നീണ്ട ഉള്‍പ്പോരിനും മാരത്തണ്‍ ചര്‍ച്ചക്കുംശേഷമാണ് ശനിയാഴ്ച രാത്രി കേരള നേതാക്കളുമായി സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. ഗുരുതര ആരോപണം നേരിടുന്നവരെയും ഏതാനും നിരന്തര സ്ഥാനാര്‍ഥികളെയും മാറ്റിനിര്‍ത്തണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു തള്ളി.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അടക്കം സോണിയയുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിപ്രശ്നത്തെക്കുറിച്ച് രണ്ടാം തവണത്തെ ചര്‍ച്ചയാണ് ശനിയാഴ്ച നടന്നത്. ഹൈകമാന്‍ഡിന് വഴങ്ങാതെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചര്‍ച്ച പരാജയപ്പെടുകയും ചെയ്ത അസാധാരണ സാഹചര്യം മുമ്പൊരിക്കലും ഉണ്ടാകാത്തതാണ്.
അടുത്ത ചര്‍ച്ച ഇനി എപ്പോള്‍ നടക്കുമെന്ന കാര്യം എ.ഐ.സി.സി തീരുമാനിക്കും. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിയെ കേരള ഹൗസിലേക്ക് മടങ്ങി. അതിനുശേഷമാണ് സുധീരനും ചെന്നിത്തലയും മടങ്ങിയത്. വലിയ തിരക്കുള്ളവര്‍ നേരത്തേ മടങ്ങുമെന്ന് സുധീരന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിയാലോചനകള്‍ക്ക് ഡല്‍ഹിയില്‍ തങ്ങും.
രാത്രി ഏഴരയോടെ ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഒരേ കാറിലാണ് 10 ജന്‍പഥിലേക്ക് പോയത്. അതിനുമുമ്പ് ഉമ്മന്‍ ചാണ്ടി എ.കെ. ആന്‍റണിയെ വസതിയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. കഴിഞ്ഞ അഞ്ചു ദിവസവും പരസ്പരം സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന സാഹചര്യം വിട്ട് സുധീരന്‍ കേരള ഹൗസിലെ മുറിയില്‍നിന്ന് തൊട്ടടുത്ത മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക മുറിയിലത്തെി സംസാരിച്ചു. ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചര്‍ച്ച.
അതിനു തൊട്ടുപിന്നാലെയാണ് മൂവരും സോണിയയുടെ വസതിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി, മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും ഈ സുപ്രധാന യോഗത്തില്‍ പങ്കെടുത്തു. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ സ്ക്രീനിങ് കമ്മിറ്റി ചേര്‍ന്നിരുന്നു.
മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവരെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാമെന്ന കാഴ്ചപ്പാട് യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. തനിക്കൊപ്പം മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരെ ആരോപണങ്ങളുടെ പേരില്‍ അവസാനനിമിഷം മാറ്റിനിര്‍ത്തി മുന്നോട്ടുപോകാന്‍ തനിക്ക് കഴിയില്ളെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെയെങ്കില്‍ താനും മാറിനില്‍ക്കാമെന്നും സുധീരന്‍ തെരഞ്ഞെടുപ്പ് നയിക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായി വിവരമുണ്ട്.
ഇതോടെ സോണിയ ഗാന്ധി ഒരു അന്തിമ തീരുമാനം എടുക്കുക മാത്രമാണ് പോംവഴിയെന്നു വന്നു. മറ്റു ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കി സ്ക്രീനിങ് കമ്മിറ്റി പിരിയുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സോണിയ ഗാന്ധിയുടെ വസതിയില്‍ രാത്രി ഏഴരയുടെ യോഗം നിശ്ചയിക്കപ്പെട്ടത്.
ചര്‍ച്ച പൊളിഞ്ഞതോടെ ഏകദേശധാരണയായ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കുപോലും തെരഞ്ഞെടുപ്പുരംഗത്ത് ഒരടി മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.