ബെന്നി ബെഹനാൻ തൃക്കാക്കരയിൽ നിന്ന് പിൻമാറി
text_fieldsകൊച്ചി: കോൺഗ്രസിലെ സീറ്റ് തർക്കങ്ങൾ സ്ഥിരീകരിച്ച് ബെന്നി ബെഹനാന്‍റെ പിൻമാറ്റം. തൃക്കാക്കരയിൽ നിന്ന് പിൻമാറുന്നതായി എ വിഭാഗം നേതാവും സിറ്റിങ് എം.എൽ.എയുമായ ബെന്നി ബെഹനാൻ മാധ്യമങ്ങളെ അറിയിച്ചു. സീറ്റ് സംബന്ധിച്ച് ഹൈകമാൻഡ് തീരുമാനം വരുന്നതിന് തൊട്ടുമുമ്പായിരുന്നു നാടകീയ പിൻമാറ്റം. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരന് താൽപര്യമില്ലാത്തതിനാൽ പിൻമാറുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നിരീക്ഷക സമിതി പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കര മണ്ഡലം. അവിടുത്തെ എം.എൽ.എയായ തനിക്കു നേരെ പ്രതിപക്ഷം പോലും ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ബൂത്ത് തലത്തിൽ തന്നെക്കുറിച്ച് പരാതി ഉയർന്നിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിക്കോ പാർട്ടിക്കോ പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാലാണ് സ്വയം പിന്മാറുന്നത് -ബെന്നി പറഞ്ഞു.
തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഹൈകമാൻഡിന്‍റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. സീറ്റ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാൻഡാണെന്നും ബെഹനാൻ പറഞ്ഞിരുന്നു.
ബെന്നിയടക്കം ആരോപണ വിധേയരായവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ ഹൈക്കമാൻഡിനോട് നേരത്തെ ആവശ്യപ്പെട്ടിരിന്നു. എന്നാൽ ഇവരെ മാറ്റിയാൽ താനും മാറി നിൽക്കുമെന്ന് ഉമ്മൻചാണ്ടി ഭീഷണി മുഴക്കിയതോടെ ഹൈകമാൻഡ് മുഖ്യമന്ത്രിക്ക് വഴങ്ങുകയായിരുന്നു.
ഗുരുതര വിവാദങ്ങളില്‍പെട്ടുകിടക്കുന്നവരെയും നാലില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി മത്സരിക്കുന്നവരെയും മാറ്റിനിര്‍ത്തി മെച്ചപ്പെട്ട പ്രതിച്ഛായയോടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയാല്‍ കോണ്‍ഗ്രസിന് സാധ്യത കൂടുമെന്നായിരുന്നു സുധീരന്‍െറ വാദം. മന്ത്രിമാരെ ഒരാളെപ്പോലും മാറ്റിനിര്‍ത്തിയാല്‍ തന്‍െറ മന്ത്രിസഭയോടുള്ള അവിശ്വാസ പ്രകടനമാകുമെന്ന നിലപാടായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്. ആരോപണത്തിന്‍െറയോ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചതിന്‍െറയോ പേരില്‍ ആരെയും ഒഴിവാക്കാന്‍ പാടില്ല. ജയസാധ്യതയാണ് പ്രധാനമെന്നും എ,ഐ ഗ്രൂപ്പുകള്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.