സരിതയുടെ വാക്കുകൾ വിശ്വസനീയമല്ല; രാഷ്ട്രീയം കളിക്കാനില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: 33 ക്രിമിനല്‍ കേസില്‍ പ്രതിയായ സരിതക്ക് വിശ്വാസ്യതയില്ളെന്ന് ഹൈകോടതി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ നിരീക്ഷണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയതിനാലാണ് സോളാര്‍ പദ്ധതിയില്‍ പണം മുടക്കിയതെന്ന മല്ളേലില്‍ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് സരിത ഹൈകോടതിയെ സമീപിച്ചത്.
കേസിലെ പ്രതിതന്നെ പരാതിക്കാരന്‍ (മല്ളേലില്‍ ശ്രീധരന്‍ നായര്‍) ഉന്നയിക്കേണ്ട ആവശ്യവുമായി വന്നിരിക്കുകയാണെന്നും എന്നാല്‍, വിശ്വാസ്യതയില്ലാത്ത ആളാണ് ഹരജിക്കാരി എന്നിരിക്കെ ആവശ്യം അനുവദിക്കാനാവില്ളെന്നും കോടതി വ്യ ക്തമാക്കി. രാഷ്ട്രീയം കളിക്കാന്‍ കോടതിക്ക് സമയമില്ളെന്ന മുന്നറിയിപ്പ് നല്‍കിയതോടൊപ്പം തെരഞ്ഞെടുപ്പ് അടുത്തുവരുകയാണെന്നും കോടതി പരാമര്‍ശിച്ചു. കണ്ട ആളുകളെക്കുറിച്ചെല്ലാം കഥ പറയുകയാണ് ആ സ്ത്രീ. സത്യം എപ്പോഴെങ്കിലും പറഞ്ഞാല്‍പോര, പറയേണ്ടപ്പോള്‍ പറയണം. നേരെചൊവ്വേ പറയാത്തവരെ പ്രോത്സാഹിപ്പിക്കേണ്ട കാര്യം കോടതിക്കില്ല. സി.ബി.ഐക്ക് വേറെ ഒരുപാട് ജോലിയുണ്ട്. കഴമ്പുള്ള കേസുകള്‍ അന്വേഷിക്കാന്‍തന്നെ അവര്‍ക്ക് സമയം തികയുന്നില്ല. ഇതിനിടെയാണ് കഴമ്പില്ലാത്ത കേസുമായി ഈ ഹരജി എത്തുന്നതെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മുഖ്യമന്ത്രിയുടെ കീഴിലെ അന്വേഷണസംഘം ശരിയായ രീതിയിലല്ല കേസന്വേഷിച്ചതെന്നും നീതിപൂര്‍വമായ അന്വേഷണത്തിന് കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും സരിതയുടെ അഭിഭാഷക ആവശ്യപ്പെട്ടു.
ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയില്‍നിന്ന് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വിവരം വ്യക്തമാണ്. എന്നാല്‍, ആ ദിശയില്‍ അന്വേഷണം നടന്നിട്ടില്ളെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട 33 കേസില്‍ പ്രതിയാണ് ഹരജിക്കാരിയെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ജോയി കൈതാരത്തും നല്‍കിയ ഹരജികള്‍ നേരത്തേ ഹൈകോടതി തള്ളിയതാണെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു. ഒരു ഹരജി സുപ്രീംകോടതിയും തള്ളി. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി എത്തിയതിനുപിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലിയും വാദിച്ചു.
മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ ശ്രീധരന്‍ നായരാണ് കേസുമായി വരേണ്ടത്. അദ്ദേഹത്തിന് പരാതിയില്ളെന്നിരിക്കെ സരിത അത് ഉന്നയിക്കുന്നത് വിചിത്രമാണ്. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ട് പ്രതിക്ക് കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാല്‍, ഈ ആവശ്യമുന്നയിക്കുന്ന പ്രതിക്ക് മതിയായ വിശ്വാസ്യത ഉണ്ടായിരിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതക്ക് ആ വിശ്വാസ്യത അവകാശപ്പെടാനാവില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ വാദവും വിചാരണഘട്ടത്തില്‍ ബന്ധപ്പെട്ട കോടതി മുമ്പാകെ ഉന്നയിക്കാമെന്നും സിംഗ്ള്‍ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.