പത്തര ഏക്കര്‍ പുഴപുറമ്പോക്ക് പതിച്ചു നല്‍കാനാവില്ലെന്ന് റവന്യൂവകുപ്പ്
text_fieldsതിരുവനന്തപുരം: മലപ്പുറം ഏറനാട് താലൂക്കില്‍ ഫ്രാന്‍സിലിയന്‍ എജുക്കേഷനല്‍ സൊസൈറ്റിയുടെ കൈവശമുള്ള പത്തരയേക്കറോളം പുഴപുറമ്പോക്ക് ഭൂമിപതിച്ചു നല്‍കാനാവില്ളെന്ന് റവന്യൂ വകുപ്പ്. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയുടേതാണ് ഉത്തരവ്. ചോക്കാട് വില്ളേജില്‍ കോട്ടപ്പുഴയുടെ തീരത്തെ (റീസര്‍വേ നമ്പര്‍-214/1, 215, 220/1) ഭൂമിയാണ് കൈയേറിയത്.
ജനങ്ങള്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും സൊസൈറ്റി ഹൈകോടതിയെ സമീപിച്ചു. അപേക്ഷകന്‍െറ വാദം കേട്ടശേഷം നടപടിയെടുക്കാനായിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ, ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് റവന്യൂ), നിലമ്പൂര്‍ തഹസിദാര്‍ എന്നിരെ പരിശോധന നടത്തുന്നതിന് നിയോഗിച്ചു. ഇതു നിയമപരമായി പതിച്ചു നല്‍കാന്‍ കഴിയുമോയെന്ന് അറിയിക്കണമെന്ന് കലക്ടറോടും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമീഷണറും കലക്ടറും റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ടില്‍ സൊസൈറ്റിയുടെ കൈവശമുള്ളത് പുഴപുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചായത്തീരാജ് നിയമം അനുസരിച്ച് പുഴ, കനാല്‍, അരുവി, പൊതുകിണര്‍ തുടങ്ങിയവയുടെ തീരത്തെ ഭൂമി സംരക്ഷിത മേഖലയാണ്. ഇതു പഞ്ചായത്തിന്‍െറ അധീനതയിലെ പൊതുഭൂമിയുമാണ്. ഇത്തരം പുഴപുറമ്പോക്ക് 1960ലെ ഭൂമി പതിവ് നിയമം അനുസരിച്ച് പതിച്ച് നല്‍കാനാവില്ളെന്ന ലാന്‍ഡ് റവന്യൂ കമീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ 2011ലെ സുപ്രീംകോടതി വിധിയുമുണ്ട്.പുഴപുറമ്പോക്കില്‍ നിയമവിരുദ്ധമായി നടത്തുന്ന കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുഴയുടെ തീരം പതിച്ചു നല്‍കരുതെന്ന ഹൈകോടതിയിലെ 1997ലെ വിധിയും റവന്യൂ വകുപ്പ് ചൂണ്ടിക്കാണിച്ചു. പുഴപുറമ്പോക്ക് പതിച്ചു നല്‍കുന്നത് നിയമവിരുദ്ധമായതിനാല്‍ സൊസൈറ്റിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളുകയാണെന്ന് റവന്യൂ വകുപ്പിന്‍െറ ഉത്തരവില്‍ പറയുന്നു. പൂക്കോട്ടുംപാടം, ചോക്കാട് പഞ്ചായത്തുകളിലായി സൊസൈറ്റി 50ലധികം ഏക്കര്‍ ഭൂമി ഇവിടെ വാങ്ങിയിട്ടുണ്ട്. ഇതിനോട് ചേര്‍ന്നാണ് പുഴപുറമ്പോക്ക്. വെള്ളപ്പൊക്കത്തില്‍ കോട്ടപ്പുഴ പുഴ ദിശമാറിയൊഴുകിയപ്പോഴാണ് പുറമ്പോക്ക് രൂപംകൊണ്ടത്.
ഭൂമിയുടെ അതിര്‍ത്തിയില്‍ പരുത്തിമരം വെച്ചുപിടിപ്പിച്ച് സൊസൈറ്റി ഭൂമി സ്വന്തമാക്കുകയായിരുന്നു. പ്രദേശത്തെ ഭൂരഹിതര്‍ സ്ഥലം പിടിച്ചെടുക്കാന്‍ കൈയേറ്റഭൂമിയില്‍ കൊടികുത്തി സമരം നടത്തിയെങ്കിലും കൈവശക്കാര്‍ ഭൂമി വിട്ടുനല്‍കിയില്ല. ഗ്രാമപഞ്ചായത്ത് ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കാനും തയാറായില്ല. റീസര്‍വേയിലൂടെ ഭൂമി പതിച്ചെടുക്കാനായിരുന്നു സൊസൈറ്റിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.