ഹയര്‍ സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങി
text_fieldsതിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം സംസ്ഥാനത്തെ 66 കേന്ദ്രങ്ങളില്‍ തുടങ്ങി. ആദ്യദിനം ഏഴ് ശതമാനം വരെ അധ്യാപകര്‍ വിട്ടുനില്‍ക്കുന്നതായി ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലെ സ്ക്വാഡുകള്‍ ക്യാമ്പുകളില്‍ പരിശോധന തുടങ്ങും.
ഹാജരാകാത്തവരെ ക്യാമ്പില്‍ വെച്ചുതന്നെ ഫോണില്‍ ബന്ധപ്പെടും. തൃപ്തികരമായ വിശദീകരണം നല്‍കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ളെങ്കില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ പറഞ്ഞു. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ളീഷ് എന്നിവയുടെ ക്യാമ്പുകളില്‍ നിന്നാണ് അധ്യാപകര്‍ വിട്ടുനില്‍ക്കുന്നത്. ചില അധ്യാപകര്‍ മൂല്യനിര്‍ണയ ജോലി ഒഴിവാക്കി എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ക്ളാസെടുക്കാന്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവരെ കണ്ടത്തെി ഇത്തവണ നടപടിയെടുക്കാനാണ് തീരുമാനം. ഏതാനും അധ്യാപകര്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഗള്‍ഫിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചക്കകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 66 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ 26 എണ്ണം മാര്‍ക്ക് അപ്ലോഡിങ് കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ ഇതര മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍നിന്ന് മാര്‍ക്കുകള്‍ എത്തിക്കും. എന്‍ജിനീയറിങ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ ഉത്തരക്കടലാസുകള്‍ ഇരട്ടമൂല്യനിര്‍ണയമാണ് നടക്കുന്നത്. 14 കേന്ദ്രങ്ങളിലാണ് ഈ വിഷയങ്ങളുടെ മൂല്യനിര്‍ണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.