കണ്ണൂരില്‍ സ്വകാര്യ ബസ് പണിമുടക്ക്; പരീക്ഷകള്‍ മാറ്റി
text_fieldsകണ്ണൂര്‍: ബോണസ്, ക്ഷാമബത്ത പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. അതേസമയം, കോഴിക്കോട് റീജനല്‍ ജോയിന്‍റ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകീട്ട് മൂന്നിന് ജില്ലാ ലേബര്‍ ഓഫിസില്‍ അനുരഞ്ജന യോഗം നടക്കും.
20 ശതമാനം ബോണസും 647 രൂപ ക്ഷാമബത്തയുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് നേരത്തേ നോട്ടീസ് നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. മറ്റു ജില്ലകളില്‍നിന്നും സര്‍വിസ് നടത്തുന്ന ബസുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
ഇന്നലെ ലേബര്‍ ഓഫിസര്‍ സുനില്‍ തോമസിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ബോണസ് കരാറില്‍ ഒപ്പിടാന്‍ ബസ് ഉടമകള്‍ തയാറായില്ല. 20ല്‍ കുറവ് തൊഴിലാളികളുള്ള സ്ഥാപനത്തിന് ബോണസ് നല്‍കാന്‍ നിയമപരമായ സാധുതയില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഏതെങ്കിലും ഉടമ ഇഷ്ടമുള്ള തുക ബോണസായി നല്‍കിയാല്‍ എതിര്‍ക്കില്ലെന്നും അവര്‍ അറിയിച്ചു. ഉടമകളുടെ നിലപാട് തൊഴിലാളികള്‍ അംഗീകരിക്കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. പ്രദീപ്കുമാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.