പാനമ പേപ്പേഴ്സ് -3: കള്ളപ്പണ നിക്ഷേപകരിൽ മലയാളി വ്യവസായിയും
text_fieldsന്യൂഡൽഹി: പാനമയിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. കള്ളപ്പണം നിക്ഷേപിച്ചവരിൽ മലയാളിയും ഉൾപെടുന്നു. തിരുവനന്തപുരം സ്വദേശി ജോർജ് മാത്യുവാണ് ഇന്ത്യൻ എക്സ്പ്രസ് 'പാനമ പേപേഴ്സ്-3'ൽ ഉള്ളത്. വിവാദ കോർപറേറ്റ് ഇടനിലക്കാരി നീര റാഡിയയും പട്ടികയിലുണ്ട്.
ചാർട്ടേഡ് അക്കൗണ്ടൻറായ ജോർജ് മാത്യു 12 വർഷമായി സിംഗപ്പൂരിലാണ് താമസം. ഫ്യൂച്ചർ ബുക്സ് എന്ന പേരിലുള്ള കമ്പനിയിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ 12 വർഷമായി വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ നികുതി നിയമങ്ങൾ ബാധകമല്ലെന്നാണ് ജോർജ് മാത്യുവിന്‍റെ വിശദീകരണം. പുതിയ കമ്പനികൾ രൂപീകരിക്കാൻ സഹായം നൽകുന്ന സ്ഥാപനം ജോർജ് മാത്യു സിംഗപ്പൂരിൽ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിന്‍റെ ഇടപാടുകാരിൽ ഉൾപ്പെട്ടവയാണ് ബ്രിട്ടീഷ് വെർജിൻ ഐലൻഡുകളിലെ സ്ഥാപനങ്ങളെന്നും ജോർജ് മാത്യു പറയുന്നു.
നീര റാഡിയക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രൗണ്‍മാര്‍ട്ട് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് നിക്ഷേപം നടത്തിയത്.കമ്പനിയുടെ 2004-വരെയുള്ള രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നത് നീരാ റാഡിയ തന്നെയാണ്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയിലും നീരാ റാഡിയയുടെ പേരുണ്ട്. ഈ രേഖകളില്‍ നീരാ റാഡിയ ബ്രിട്ടീഷ് പൗരത്വമുള്ള ആളാണ്.
വ്യവസായികളായ സതീഷ് കെ മോദി, മൗദുരി ശ്രീനിവാസ് പ്രസാദ്, ഭാവനാസി ജയകുമാർ, ഭാസ്കർ റാവു, പ്രീതം ബോത്റ, ശ്വേത ഗുപ്ത, ആശോക് മൽഹോത്ര തുടങ്ങിയ വ്യവസായികളുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. സിനിമാതരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉൾപെടെയുള്ളവരുടെ നിക്ഷേപ വിവരങ്ങൾ കഴിഞ്ഞദിവസങ്ങളിലായി പുറത്ത് വന്നിരുന്നു.
എന്നാൽ തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടർ പദവി വഹിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.