സുഹൃദ്ബന്ധത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്ന് മുകേഷും ജഗദീഷും
text_fieldsകൊല്ലം: ‘ഗോഡ്ഫാദറി’ലെ രാമഭദ്രനും മായിന്‍കുട്ടിയും... ‘ഇന്‍ ഹരിഹര്‍നഗറി’ലെ മഹാദേവനും അപ്പുക്കുട്ടനും. മത്സരരംഗത്ത് സജീവമായ ഇതേ സുഹൃത്തുക്കള്‍ തങ്ങളുടെ കന്നിയങ്കത്തെക്കുറിച്ച് മനസ്സ് തുറന്നു. കൊല്ലം പ്രസ്ക്ളബ് സംഘടിപ്പിച്ച ജനസഭ -2016ലാണ് ഇരുവരും തെരഞ്ഞെടുപ്പിന്‍െറ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സുഹൃദ്ബന്ധത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ളെന്ന് മുകേഷും ജഗദീഷും ആദ്യംതന്നെ വ്യക്തമാക്കി. ഇതൊരു ജനസഭയാണ്. രാഷ്ട്രീയ സംവാദമല്ല, രാഷ്ട്രീയ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. പലപ്പോഴും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാധ്യതാ ലിസ്റ്റില്‍ ഒതുങ്ങുകയായിരുന്നെന്നും ഇപ്പോള്‍ മറ്റൊരു യുഗം തനിക്കുണ്ടായെന്നും കൊല്ലം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുകേഷ് പറഞ്ഞു. മൂന്നുദിവസമായി പ്രചാരണരംഗത്തുള്ള തനിക്ക് ജനങ്ങള്‍ നല്‍കുന്ന ഹസ്തദാനം അവര്‍ നല്‍കുന്ന പിന്തുണകൂടിയാണ്.ജയിച്ചാല്‍ കൊല്ലത്ത് ഉണ്ടാകുമോ എന്നാണ് പലരും ചോദിച്ചത്. എല്ലാവരോടും പറയുന്നു, ജയിച്ചാല്‍ ഉറപ്പായും ഉണ്ടാകും. അപ്പോള്‍ തോറ്റാലോ എന്ന ചോദ്യത്തിന് ജീവിതകാലം മുഴുവനും കൊല്ലത്തുണ്ടാകുമെന്നും മുകേഷ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി താനായിരുന്നേനെയെന്ന് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നടന്‍ ജഗദീഷ് പറഞ്ഞു. മുന്നണി മാറ്റത്തോടെ കരുത്തനായ പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകുകയും വിജയിക്കുകയും ചെയ്തു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താനും മുകേഷും രാഷ്ട്രീയക്കാരോ മാധ്യമപ്രവര്‍ത്തകരോ ആയി മാറിയേനേ. പലരും സിനിമക്കാരനാകാന്‍ മദിരാശിക്ക് വണ്ടി കയറിയപ്പോള്‍ എങ്ങനെയെങ്കിലും ഒരു ജോലി ലഭിക്കണമെന്ന ആഗ്രഹവും ലക്ഷ്യവും മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. രാഷ്ട്രീയരംഗത്ത് ആര്‍ക്കും കടന്നുവരാം. പക്ഷേ, സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം. അവരവരുടെ സ്ഥലത്തുള്ളവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നത്. വി.ഐ.പികള്‍ക്ക് കൊടുക്കുന്ന പരിഗണനയും ജനങ്ങള്‍ നല്‍കിയ പിന്തുണയുമാണ് തന്‍െറ ഭാഗ്യമെന്നും ജഗദീഷ് പറഞ്ഞു.
പി.കെ. ഗുരുദാസന്‍ എം.എല്‍.എയെ മാറ്റിയിട്ടല്ളേ സ്ഥാനാര്‍ഥിയായതെന്ന ചോദ്യത്തിന് മുകേഷിന്‍െറ മറുപടി ഇങ്ങനെ -തന്‍െറ കൈപിടിച്ച് പ്രചാരണത്തിന് നയിച്ചതുതന്നെ ഗുരുദാസന്‍ സഖാവാണ്. എന്നെ പാര്‍ട്ടിയാണ് തെരഞ്ഞെടുത്തത്. മറ്റ് ചോദ്യങ്ങള്‍ക്ക് ഞാനല്ല, പാര്‍ട്ടിയാണ് മറുപടി തരേണ്ടത്. സിനിമാക്കാര്‍ കള്ളക്കടത്തോ കരിഞ്ചന്ത കച്ചവടമോ അല്ല ചെയ്യുന്നത്. സാംസ്കാരികരംഗത്ത് നില്‍ക്കുന്നവര്‍ ജനങ്ങളെ സേവിക്കുന്നതിലേക്ക് വരേണ്ടതുണ്ട്. പരസ്യപ്രഖ്യാപനം നടത്താനില്ളെന്നും ജയിച്ചാല്‍ ചെയ്യാവുന്ന വികസനകാര്യങ്ങള്‍ ചെയ്യുമെന്നും മുകേഷ് പറഞ്ഞു.
നാടിനുവേണ്ടി എന്തെങ്കിലും ചെയ്താല്‍ അത് ഞാനാ... ഞാനാ... എന്നും പറഞ്ഞ് മുക്കിലും മൂലയിലും ഫ്ളക്സ് വെക്കുന്നതിലല്ല കാര്യമെന്നും ഞാനെന്ന ഭാവം വെടിഞ്ഞ് നാടിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്നവരെയാണ് നാടിന് ആവശ്യമെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരത്തെ ഇന്നുള്ളതിനെക്കാള്‍ മെച്ചപ്പെട്ട പത്തനാപുരമാക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും ജഗദീഷ് പറഞ്ഞു.
‘ഇനിമുതല്‍ രാത്രി 11 കഴിഞ്ഞും വിളിക്കാം’
ഹലോ... മുകേഷേട്ടനാണോ... അതേ, ആരാ....ഞാനൊരു ആരാധകനാ..., രാത്രി 11 മണിക്കാണോടാ നിന്‍െറ ആരാധന... അന്തസ്സ് വേണമെടാ... അന്തസ്സ്! സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകനോട് മുകേഷ് ഫോണില്‍ സംസാരിക്കുന്നതിന്‍െറ ഓഡിയോ വൈറല്‍ ആയതിന്‍െറ പിന്നാലെ എം.എല്‍.എ ആയാല്‍ രാത്രി 11ന് വിളിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുകേഷിന്‍െറ മറുപടിയിങ്ങനെ: പലരും വിചാരിച്ചത് കോട്ടയം നസീറാണോ മുകേഷിന്‍െറ ശബ്ദത്തില്‍ സംസാരിച്ചതെന്നാണ്. തുറന്നുപറയുന്നതില്‍ എനിക്കൊരു മടിയുമില്ല. ഞാന്‍ തന്നെയാണ് സംസാരിച്ചത്. രാവിലെ ആറിന് തുടങ്ങുന്ന ഞങ്ങളുടെ ജോലി രാത്രി വരെ നീളും. ഒരു കലാകാരനെ രാത്രി 11 കഴിഞ്ഞിട്ട് ഇങ്ങനെ നിരന്തരം വിളിക്കാമോ... ഇന്നസെന്‍റ് ചേട്ടനടക്കം എന്നെ അഭിനന്ദിച്ചു. ഞാന്‍ ചെയ്തതാ ശരിയെന്ന് പലരും പറഞ്ഞു. പലരും ചോദിക്കുന്നുണ്ട് എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ രാത്രി 11ന് വിളിക്കാമോയെന്ന്. ഞാനിപ്പോള്‍ രാഷ്ട്രീയക്കാരനാണ്. എന്നെ ഏത് സമയത്തും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.