മദ്യവർജനമാണ് എൽ.ഡി.എഫ് നയം -കോടിയേരി
text_fieldsതിരുവനന്തപുരം: മദ്യനിരോധം വിപരീതഫലം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനിരോധം പ്രായോഗികമല്ലെന്ന് തന്നെയാണ് എൽ.ഡി.എഫ് നിലപാട്. മദ്യവർജനമാണ് എൽ.ഡി.എഫ് നയം. ഇത് എങ്ങനെ പ്രാവർത്തികമാക്കണമെന്ന് സർക്കാർ അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബാറുകൾ തുറന്നു കൊടുക്കുമെന്ന് സി.പി.എം എവിടെയും പറഞ്ഞിട്ടില്ല. ഇവ പൂട്ടിയ സർക്കാർ തീരുമാനത്തെ സി.പി.എം അന്നുതന്നെ സ്വാഗതം ചെയ്തിരുന്നതാണ്. കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകൾ പൂട്ടിയതെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുന്നു. ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഉദുമയിൽ മത്സരിക്കുന്ന കെ. സുധാകരനും മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ. സുരേന്ദ്രനും തമ്മിൽ ധാരണയാണ്. ഉദുമയിലെ ബി.ജെ.പി വോട്ട് സുധാകരനും മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ട് സുരേന്ദ്രനും നൽകാനാണ് ധാരണ. തിരുവനന്തപുരത്ത് ശിവകുമാറിനെ ജയിപ്പിക്കാൻ ശ്രീശാന്തിനെ സ്ഥാനാർത്ഥിയാക്കി. നേമത്ത് രാജഗോപാലിനെ വിജയിപ്പിക്കാൻ സുരേന്ദ്രൻ പിള്ളയെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗസംഖ്യ നൂറു കടക്കും. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമേ പ്രകടന പത്രിക പുറത്തിറക്കുകയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.