പ്രകടനപത്രികയിലും തെരഞ്ഞെടുപ്പ് കമീഷന്‍ പിടിമുറുക്കുന്നു
text_fieldsതൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും തെരഞ്ഞെടുപ്പ് കമീഷന്‍ പിടിമുറുക്കുന്നു. വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാരിക്കോരി എഴുതിയാല്‍ അത് പുറത്തിറക്കുന്നവര്‍ ഇനി സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്.
രാഷ്ട്രീയ കക്ഷികളും മുന്നണികളും പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാനാവശ്യമായ സാമ്പത്തിക സ്രോതസ്സ് ഏതാണെന്ന് വ്യക്തമാക്കിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക സ്രോതസ്സ് സുതാര്യമായിരിക്കണമെന്നും വാഗ്ദാനങ്ങള്‍ വിശ്വാസയോഗ്യവുമായിരിക്കണമെന്നും കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
സംശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തടസ്സമാകുന്നതും തെരഞ്ഞെടുപ്പില്‍ അനഭിലഷണീയമായ സ്വാധീനം ചെലുത്തുന്നതുമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് രാഷ്ട്രീയ കക്ഷികള്‍ ഒഴിവാക്കേണ്ടതാണ്.
നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ പ്രകടനപത്രിക മുഖേന സമ്മതിദായകര്‍ക്ക് നല്‍കാന്‍ പാടുള്ളൂ എന്നും കമീഷന്‍ നിഷ്കര്‍ഷിക്കുന്നു. ഭരണഘടനക്കും പൊതുവായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമായ ഒന്നും പ്രകടനപത്രികയിലില്ളെന്ന് ഉറപ്പ് വരുത്താനും രാഷ്ട്രീയ കക്ഷികള്‍ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.