'പാനമ പേപേഴ്സി'ൽ ഒരു മലയാളി കൂടി
text_fieldsന്യൂഡൽഹി: ആഗോള തലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ ഒരു മലയാളി കൂടി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരൻ നായരുടെ പേരു വിവരങ്ങളാണ് ഇന്ത്യൻ എക്സ്പ്രസ് 'പാനമ പേപേഴ്സ്-4'ൽ ഉള്ളത്.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരൻ കള്ളപ്പണ നിക്ഷേപം നടത്തിയത്. 2007 ആഗസ്റ്റ് 17 മുതൽ ഗെൽഡിൻ ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ദിനേശ് എന്ന് മൊസാക് ഫൊൺസേക രേഖകൾ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേർന്ന് 25000 ഒാഹരികളാണ് ഇയാളുടെ പേരിലുള്ളത്.
ചെറുകിട കൊപ്ര വ്യാപാരിയുടെ മകനായ ദിനേശ് ബിരുദ പഠനത്തിന് ശേഷം മുംബൈയിലെ നിരവധി കമ്പനികളിൽ ജോലി ചെയ്തിരുന്നു. 2008ലാണ് ഇയാൾ ഹോങ്കോങ്ങിലേക്ക് പോയത്. റാന്നിയിൽ രണ്ട് കുട്ടികളോടൊപ്പം ചെറിയ വീട്ടിൽ താമസിക്കുന്ന ദിനേശിന്‍റെ ഭാര്യ ജയശ്രീ വാർത്തയോട് പ്രതികരിക്കാൻ തയാറായില്ല. ദിനേശിന് ഹോങ്കോങ്ങിൽ എന്ത് ജോലിയാണെന്ന് അറിയില്ലെന്നും സ്വദേശത്ത് വലിയ വീട് നിർമിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞത്.
തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന് വിദേശത്ത് രഹസ്യ നിക്ഷേപമുള്ളതിന്‍റെ വിവരങ്ങൾ ബുധനാഴ്ച ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട 'പാനമ പേപേഴ്സ്-3'ൽ വെളിപ്പെടുത്തിയിരുന്നു. സിംഗപ്പൂരില്‍ താമസിക്കുന്ന ജോര്‍ജ് ഫ്യൂച്ചര്‍ ബുക്സ് എന്ന പേരിലുള്ള കമ്പനിയിലാണ് പണം നിക്ഷേപിച്ചത്. പുതിയ കമ്പനികള്‍ രൂപവത്കരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം സിംഗപ്പൂരില്‍ നടത്തുകയാണ് ജോര്‍ജ് മാത്യു.
ദിനേശ് പരമേശ്വരനെ കൂടാതെ ഡൽഹി ബിസിനസുകാരൻ വിനയ് കൃഷ്ണൻ ചൗധരിയുടെ ഉടമസ്ഥതയിലുള്ള ട്രിംബ്ലേഷ് ‘എൻ’ സാവാസ്, ചെന്നൈ ചൂളമൂട് സ്വദേശി ചിന്നമരുതു ഷൺമുഖ സുന്ദരപാണ്ഡ്യൻ, ന്യൂഡൽഹി സ്വദേശി ഉദയ് പ്രതാപ് സിങ് എന്നിവർക്കും കള്ളപ്പണ നിക്ഷേപമുള്ളതായി രേഖകൾ പറയുന്നു.
ലണ്ടനിൽ താമസിക്കുന്ന സിൽവിയ ഫേ ഭാട്ടിയ, ഭർത്താവ് അലോക് ഭാട്ടിയ, മുംബൈ സ്വദേശികളായ നിഷ് ഭുട്ടാനി, ജോണി മംഗ്ലാനി, മുംബൈ ആസ്ഥാനമായ ജയന്തിലാൽ താക്കർ എന്ന സ്ഥാപനത്തിന്‍റെ പങ്കാളിയായ ദിലിപ് ജെ. താക്കർ, കൊൽക്കത്ത സ്വദേശികളായ സുശീല ദേവി ചോപ്ര, ഗൗരവ് കുമാർ ചോപ്ര, പ്രേരണ ചോപ്ര എന്നിവരും വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് 'പാനമ പേപേഴ്സ്-4'ൽ വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.