ആർ. സുകേശനെതിരെ തെളിവുണ്ടോ എന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗൂഢാലോചന ആരോപണത്തിൽ വിജിലൻസ് എസ്.പി ആർ. സുകേശനെതിരെ എന്ത് തെളിവാണ് സർക്കാരിന്‍റെ പക്കലുള്ളതെന്ന് ഹൈകോടതി. ഇത് ഗൗരവതരമായ വിഷയമാണ്. തെളിവുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് പി.ഡി രാജൻ പറഞ്ഞു.
ബാർകോഴ കേസിൽ വിജിലൻസ് കോടതി നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം മാണി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. ബാറുടമ ബിജു രമേശും സുകേശനും സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
സുകേശനെതിരായ തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കണം. തെളിവുണ്ടെങ്കിൽ സർവീസിൽ നിന്ന് മാറ്റി നിർത്തി വേണം ഉദ്യോഗസ്ഥനെതിരായ അന്വേഷണം നടത്തേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാനും ജസ്റ്റിസ് പി.ഡി രാജൻ നിർദേശിച്ചു.
സുകേശനെതിരെ ക്രൈംബ്രാഞ്ചാണ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നാലു മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സുകേശനാണ് ബാറുടമ ബിജു രമേശിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡിയാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.