അടൂര്‍ പ്രകാശിനെതിരായ ത്വരിതാന്വേഷണം 15 ദിവസത്തിനകം തീര്‍ക്കണം –ഹൈകോടതി
text_fieldsകൊച്ചി: പാടം നികത്തി ഐ.ടി കമ്പനി നിര്‍മിക്കാന്‍ മിച്ചഭൂമി ദാനം നല്‍കിയ കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സിന്‍െറ ത്വരിതാന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ച അനുവദിക്കണമെന്ന വിജിലന്‍സിന്‍െറ ആവശ്യം തള്ളിയാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്. കേസിലെ പരാതിക്കാരന്‍െറ മൊഴി എടുക്കുകയും പരാതിക്ക് ആസ്പദമായ വസ്തുതകളും തെളിവുകളും വിജിലന്‍സ് പരിശോധിക്കുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് കോടതിയാണെന്നും സിംഗ്ള്‍ ബെഞ്ച് വ്യക്തമാക്കി.
വിവാദസ്വാമി സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള ആര്‍.എം.ഇസഡ് എന്ന കമ്പനിക്ക് 118 ഏക്കര്‍ മിച്ചഭൂമിയില്‍ ഹൈടെക് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് താനടക്കമുള്ളവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അടൂര്‍ പ്രകാശ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുത്തന്‍വേലിക്കരയില്‍ തണ്ണീര്‍ത്തടം നികത്താനും ഐ.ടി പാര്‍ക്ക് നിര്‍മിക്കാനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
ഗവര്‍ണറുടെ അനുമതി ഈ തീരുമാനത്തിന് ലഭിച്ചിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. വസ്തുതകള്‍ മറച്ചുവെച്ചാണ് സ്വകാര്യകമ്പനി അനുമതി സമ്പാദിച്ചത്. നിയമപരമല്ളെന്ന് ബോധ്യപ്പെട്ടതോടെ ഈ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഇത് വ്യക്തിപരമായ തീരുമാനമെന്ന നിലയില്‍ കണ്ടാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ പരാതിയും കോടതി ഉത്തരവും നിലനില്‍ക്കുന്നതല്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.