കരിമണല്‍ ഖനനം :പന്ത് സര്‍ക്കാര്‍ കോര്‍ട്ടില്‍
text_fieldsകൊല്ലം: സ്വകാര്യമേഖലക്ക് കരിമണല്‍ ഖനനാനുമതി നല്‍കാമെന്ന സുപ്രീംകോടതിവിധിയോടെ പന്ത് വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍െറ കോര്‍ട്ടിലേക്ക്. സി.എം.ആര്‍.എല്‍, വി.വി മിനറല്‍സ്, കെ.എം. ശിവകുമാര്‍, മുംബൈ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി 29 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്. സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. പൊതുമേഖലയില്‍തന്നെ ധാതുമണല്‍ ഖനനം നിലനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് നിയമസഭയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
2001ലെ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കിയത്. ഇതിനെതിരെ സമരം ആരംഭിക്കുകയും ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരന്‍ ഇടതുപക്ഷത്തോടൊപ്പം സമരത്തിന്‍െറ നേതൃനിരയില്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള റെയര്‍ എര്‍ത്ത് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രൂപവത്കരിച്ചു. ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിച്ച സി.എം.ആര്‍.എല്‍, കെ.എസ്.ഐ.ഡി.സി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ എന്നിവ ചേര്‍ന്നാണ് സംയുക്ത കമ്പനി രൂപവത്കരിച്ചത്. എന്നാല്‍, 2006ലെ ഇടതുമുന്നണി സര്‍ക്കാര്‍ കരിമണല്‍ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ ഉത്തരവില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.