കണിവെള്ളരി വിളവെടുത്തുതുടങ്ങി
text_fieldsമാവൂര്‍: വിഷുവിന് കണിയൊരുക്കാന്‍ കണിവെള്ളരി വിളവെടുത്തുതുടങ്ങി. മാവൂര്‍, പെരുവയല്‍ പഞ്ചായത്തുകളിലെ വയലുകളില്‍ കൃഷിചെയ്ത കണിവെള്ളരിയാണ് വിളവെടുത്തുതുടങ്ങിയത്. മലപ്രം, പെരുവയല്‍ പാടം, കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം ഭാഗങ്ങളിലാണ് കണിവെള്ളരി കൃഷിചെയ്യുന്നത്. കനത്ത ചൂടില്‍ വെള്ളരി പൊട്ടിക്കീറുന്നതിനുമുമ്പ് പാകമായത് പറിച്ച് തുടച്ചുവൃത്തിയാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ചൂട് കനത്തതുകാരണം ഇത്തവണ വിളവ് കുറവാണ്. നേരത്തേ പതിവായി കണിവെള്ളരി കൃഷിചെയ്ത പലരും കൃഷിയില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ജില്ലയിലെയും സമീപ ജില്ലയിലെയും വന്‍കിട മാളുകളില്‍നിന്നുള്ള ബിസിനസ് ഗ്രൂപ്പുകള്‍ ഇത്തവണ കണിവെള്ളരി ഒന്നടങ്കം വാങ്ങുന്നതിന് വയലുകളിലത്തെിയിട്ടുണ്ട്. വിളവ് കുറഞ്ഞതും ആവശ്യക്കാരേറിയതും വിഷുവിന് കണികാണാന്‍ ചെലവ് കൂട്ടുമെന്നാണ് ആശങ്ക. കഴിഞ്ഞ തവണ 33 രൂപക്കാണ് വെള്ളരി വിറ്റിരുന്നത്. ഇത് ഇത്തവണ 40 രൂപയിലത്തെിയിട്ടുണ്ട്.
കുറ്റിക്കാട്ടൂര്‍: കണിവെള്ളരിപ്പാടങ്ങളില്‍ വിളവെടുക്കാനായതോടെ കുറ്റിക്കാട്ടൂരിലെ സ്ത്രീകള്‍ ഏറെ പ്രതീക്ഷയിലാണ്. ഇവിടെ കണിവെള്ളരി കൃഷി ചെയ്യുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വിഷുവായതോടെ ഇവിടേക്ക് നിരവധി ആവശ്യക്കാര്‍ എത്തിത്തുടങ്ങി. ജൈവവളങ്ങള്‍ മാത്രമുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. അതിനാല്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ വെള്ളരിക്കായി ഇവിടെയത്തെുന്നുണ്ട്.
പെരുവയല്‍, മാവൂര്‍ എന്നിവിടങ്ങളിലും കണിവെള്ളരി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ വയല്‍ മണ്ണിട്ടുനികത്തിയതോടെ കൃഷി നിലച്ചിട്ടുമുണ്ട്. കാലാവസ്ഥ വ്യതിയാനവും വെള്ളക്കുറവും കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഇതൊക്കെ കാരണം പലരും കൃഷി ഉപേക്ഷിക്കുകയാണെന്ന് കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ച കളരിയില്‍ ജമീല പറഞ്ഞു. കര്‍ഷകര്‍ക്ക് ഒരു കിലോക്ക് 23 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍, കടയില്‍നിന്ന് വാങ്ങിക്കുമ്പോള്‍ 50 രൂപ നല്‍കണം. ഇടനിലക്കാര്‍ വന്‍ ലാഭമുണ്ടാക്കുന്നുവെന്നും കൃഷിക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.