വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsകൊല്ലം: കൊല്ലത്തു നടന്ന വെടിക്കെട്ട് ദുരന്തം ക്രൈം ബ്രാഞ്ചും ജുഡീഷ്യല്‍ കമ്മീഷനും അന്വേഷിക്കും. കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമായത്. എ.ഡി.ജി.പി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായരാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുക. ആറു മാസത്തിനകം റിപോര്‍ട്ട് സമര്‍പിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനു നല്‍കിയ നിര്‍ദേശം.
വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നിസാര പരിക്കു പറ്റിയവര്‍ക്ക് 50000 രൂപ വീതവും നല്‍കും. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി നല്‍കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മത്സരക്കമ്പം നിയമവിരുദ്ധമാണ്. മത്സരക്കമ്പം നടത്തുന്നതിന് പുതിയ നിബന്ധനകള്‍ കൊണ്ടുവരുമെന്നും മത്സരക്കമ്പത്തിന് നിബന്ധനകള്‍ രൂപപ്പെടുത്താന്‍ മന്ത്രിസഭ നളിനി നെറ്റോയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, കേരളം കണ്ട ഏറ്റവും വലിയ കരിമരുന്നു ദുരന്തം ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ച് ക്ഷേത്രക്കമ്മിറ്റി നടത്തിയ വെടിക്കെട്ട് മൂലമാണെന്ന് തെളിഞ്ഞു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സ്ഫോടക വസ്തു നിയമപ്രകാരം ക്ഷേത്ര ഭാരവാഹികള്‍ക്കും വെടിക്കെട്ടു കരാറുകാരനും എതിരെ കേസെടുത്തു.
പതിറ്റാണ്ടുകളായി മത്സര കമ്പം നടക്കുന്ന ക്ഷേത്രമാണ് പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രം. ഇവിടെ ഉത്സവം കൊടിയിറങ്ങുന്നത് വെടിക്കെട്ടോടെയാണ് . ക്ഷേത്ര വളപ്പില്‍ രണ്ടിടത്ത് രണ്ടു പ്രധാന കമ്പക്കാര്‍ വാശിയോടെ നടത്തുന്ന വെടിക്കെട്ട് കാണാന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് ആയിരക്കണക്കിനു ആളുകള്‍ എത്താറുണ്ട്.
അപായകരമായ വിധത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് എതിരെ ഇത്തവണ പരിസരവാസികളും നാട്ടുകാരും പോലീസിനും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. വെടിക്കെട്ടിന് അനുമതി ചോദിച്ച് ക്ഷേത്രകമ്മിറ്റി കത്ത് കൊടുത്തപ്പോള്‍ കലക്ടര്‍ പൊലിസിന്‍്റെ റിപ്പോര്‍ട്ട് ചോദിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അനുമതി കൊടുക്കേണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സാധാരണ വെടിക്കെട്ടല്ല , മത്സര കമ്പമാണ് നടത്തുന്നത് എന്ന് ബോധ്യപ്പെട്ടതിന്‍്റെ അടിസ്ഥാന·ില്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കമ്പവുമായി മുന്നോട്ടു പോകാനായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. ഇത്തവണ വെടിക്കെട്ട് ഉണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ ശനിയാഴ്ചയാണ് വെടിക്കെട്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചത്. ശനിയാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും സുരക്ഷാ കാരണങ്ങളാല്‍ വെടിക്കെട്ട് നടത്തരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. നിരോധം ലംഘിച്ച് വെടിക്കെട്ട് നടത്തിയാല്‍ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാഭരണകൂടത്തിനു വേണ്ടി എ.ഡി.എം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വിശ്വാസത്തിന്‍്റെയും ആചാരങ്ങളുടെയും പേരില്‍ വെടിക്കെട്ട് നടത്താന്‍ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്.
മത്സര കമ്പത്തിനായി അനധികൃതമായി കൊണ്ടുവന്ന തീവ്രത കൂടിയ സാധനങ്ങള്‍ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്നു. കമ്പപ്പുരക്ക് തീ പിടിച്ച് ഇതെല്ലാം ഒരുമിച്ചു പൊട്ടിയതാണ് ഇത്രയും വലിയ ദുരന്തത്തിന് ഇടയാക്കിയത്. ക്ഷേത്രത്തിനു തെക്കുഭാഗത്തെ· കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് തൂണുകള്‍ ചിതറിത്തെറിച്ചത് സ്ഫോടനത്തിന്‍റെ ഉഗ്രത തെളിയിക്കുന്നു. സാധാരണ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന പടക്കങ്ങളല്ല കൊണ്ടുവന്നതെന്ന് ഇതു വ്യക്തമാക്കുന്നു. പടക്ക നിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത നിരോധിച്ച പൊട്ടാസ്യം ക്ളോറൈറ്റ് അടക്കം ചേര്‍ത്ത് നിര്‍മ്മിച്ച ഗുണ്ടുകളാണ് പൊട്ടിത്തെറിച്ചതെന്നു സംശയിക്കുന്നു. അപകടത്തിന്‍റെ വ്യാപ്തി സ്ഫോടനം നടന്നതിന്‍റെ ഒന്നര കി.മീ വരെ നീണ്ടു.
വെടിക്കെട്ട് നടത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. 125 ഡെസിബലിനു മുകളില്‍ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുത്, പരിസരത്ത് വീടുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ പാടില്ല എന്നിങ്ങനെ നിബന്ധനകള്‍ ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.