വെടിക്കെട്ടിന് നീക്കിവെച്ചത് 10 ലക്ഷത്തോളം രൂപ
text_fieldsപരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ടിന് ക്ഷേത്രഭാരവാഹികള്‍ നീക്കിവെച്ചത് 10 ലക്ഷം രൂപ. മുന്‍ വര്‍ഷങ്ങളിലും ഇതേ തുകയാണ് വെടിക്കെട്ടിന് വിനിയോഗിച്ച് വന്നതെന്ന് അറിയുന്നു. ഇത്തവണ അനുമതി കിട്ടാത്തതിനാല്‍ മത്സരക്കമ്പം ഒഴിവാക്കിയെങ്കിലും എട്ടുലക്ഷത്തോളം രൂപയുടെ വെടിക്കോപ്പുകള്‍ കത്തിച്ചതായാണ് പൊലീസ് നിഗമനം.
ക്ഷേത്രത്തിന്‍െറ ഉത്സവ നോട്ടീസില്‍ മത്സരക്കമ്പം ഉള്ളതിന്‍െറ അറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി 10 മുതല്‍ കമ്പം എന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നത്. ‘കഴക്കൂട്ടം സുരേന്ദ്രന്‍ Vs വര്‍ക്കല കൃഷ്ണന്‍കുട്ടി’ എന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വര്‍ണ്ണക്കപ്പ്, ആറ് എവര്‍റോളിങ് ട്രോഫികള്‍ എന്നിവ വിജയിക്ക് സമ്മാനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അനുമതി ലഭിക്കാത്തതിനാല്‍ മത്സരക്കമ്പം ഒഴിവാക്കിയെങ്കിലും രണ്ടുപേരും വെടിക്കോപ്പുകളുമായി എത്തിയിരുന്നെന്ന് സ്ഥലവാസികള്‍ പറയുന്നു.
മത്സരക്കമ്പത്തിന് അനുമതി ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവസാനനിമിഷംവരെ ഭാരവാഹികള്‍. ഉത്സവ സമാപനദിവസമായ ശനിയാഴ്ച രാവിലെ മുതല്‍ മത്സരക്കമ്പം ഉണ്ടാകില്ളെന്ന വാര്‍ത്ത പരന്നു. ഇത് കാണികളുടെ വരവ് കുറയാനിടയാക്കി. എത്തിയവരില്‍ ഭൂരിഭാഗവും മാലപ്പടക്കത്തിന്‍െറയും അമിട്ടുകളുടെയും ‘ഞെരിപ്പും പൊരിപ്പും’ കഴിഞ്ഞതോടെ മടങ്ങിത്തുടങ്ങിയിരുന്നു. അപകടസമയത്ത് കാണികളില്‍ കാല്‍ശതമാനമേ ക്ഷേത്ര പരിസരത്ത് ശേഷിച്ചിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.