സ്ഫോടകവസ്തു ഉപയോഗം: റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്നു
text_fieldsതിരുവനന്തപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളാണ് ഇന്ത്യന്‍ എക്സ്പ്ളോസീവ് ആക്ട്-2008 നിഷ്കര്‍ഷിക്കുന്നത്. നിയമങ്ങളും നിബന്ധനകളും കര്‍ശനമാണെങ്കിലും ലംഘനങ്ങള്‍ പതിവാണ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ കണക്കിലധികം സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതും ലൈസന്‍സില്ലാതെ പടക്കങ്ങള്‍ പൊട്ടിക്കുന്നതും പതിവാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പലകുറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പ്രാദേശികതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അധികൃതര്‍ കണ്ണടയ്ക്കുന്നത് വന്‍ ദുരന്തങ്ങളിലേക്കാണ് നയിക്കുന്നത്. വെടിവഴിപാട് നടത്തുന്നതിന് ജില്ലാ കലക്ടര്‍ മുഖേന പ്രത്യേക ലൈസന്‍സ് എടുക്കണം. വെടിമരുന്ന് സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേകം ലൈസന്‍സ് വേണമെന്നാണ് നിബന്ധന. ജില്ലാ കലക്ടര്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. തഹല്‍സില്‍ദാര്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകൂടി തേടിയശേഷമാണ് കലക്ടര്‍ ലൈസന്‍സ് അനുവദിക്കുക. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍െറ കര്‍ശന ഉപാധികളും പാലിച്ചിരിക്കണം.
ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ആരാധനായലയങ്ങളില്‍ ലൈസന്‍സ് നല്‍കാന്‍ പാടില്ളെന്നാണ് നിബന്ധന. കതിനയും വെടിമരുന്നും സൂക്ഷിക്കാന്‍ പ്രത്യേകം മുറി സജ്ജമാക്കണം. ജനവാസകേന്ദ്രത്തില്‍നിന്ന് നൂറുമീറ്റര്‍ അകലമുണ്ടാകണം, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളോ കെട്ടിടങ്ങളോ സമീപത്തുണ്ടാകരുത്, ശബ്ദമലിനീകരണം ഉണ്ടാകാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയശേഷമാകണം ബന്ധപ്പെട്ട അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടാറില്ല.
ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കരിമരുന്ന് പ്രയോഗം, വെടിക്കെട്ട് എന്നിവ നടത്തുന്നതിനും പ്രത്യേക ലൈസന്‍സ് എടുക്കണം. കരിമരുന്ന് പ്രയോഗിക്കുന്ന സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ കാഴ്ചക്കാരെ നിര്‍ത്താന്‍ പാടില്ല. 100 മീറ്റര്‍ വ്യാസത്തില്‍ പ്രദര്‍ശനഗ്രൗണ്ട് ഒരുക്കണം. അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ വഴി സൗകര്യം ലഭ്യമാക്കണം, വെടിക്കെട്ട് തുടങ്ങുന്നതിന് നിശ്ചിതസമയത്തിനുമുമ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കണം, അനുവദിച്ചതില്‍ കൂടുതല്‍ സമയം സ്ഫോടനം നടത്താന്‍ പാടില്ല, ഫയര്‍ഫോഴ്സ് സ്റ്റാന്‍ഡ്ബൈ വാഹനം സജ്ജമാക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കരിമരുന്ന് പ്രയോഗത്തിനുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കുക.
ക്ളോറൈറ്റ്, പൊട്ടാസ്യം ക്ളോറൈറ്റ് എന്നിവ ചേര്‍ത്ത വസ്തുക്കള്‍ സ്ഫോടനത്തിന് ഉപയോഗിക്കരുതെന്നും കര്‍ശന വ്യവസ്ഥയുണ്ട്. വിവിധ ഉപാധികളോടെയാണ് ലൈസന്‍സ് അനുവദിക്കുന്നതെങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല. ഫയര്‍ഫോഴ്സിന്‍െറ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ശബ്ദത്തെക്കാള്‍ കൂടുതല്‍ വെളിച്ചത്തിന് പ്രാധാന്യം നല്‍കണമെന്നാണ്. എന്നാല്‍, ജനത്തെ ആകര്‍ഷിക്കാന്‍വേണ്ടി സംഘാടകര്‍ ഇത് അവഗണിക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.