ആവേശം ദുരന്തത്തിന് വഴിമാറി
text_fieldsപരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രാങ്കണത്തില്‍ രാവും പകലും നിറഞ്ഞുനിന്ന ദേശങ്ങളുടെ ആവേശം ഒരു നിമിഷം കൊണ്ടാണ് ദുരന്തത്തിന് വഴിമാറിയത്.
ശനിയാഴ്ച രാത്രി 11.45ഓടെയാണ് ക്ഷേത്രമുറ്റത്തെ ചെറിയ മൈതാനിയില്‍ വെടിക്കെട്ട് ആരംഭിച്ചത്. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സര വെടിക്കെട്ട്.
75ശതമാനവും പൊട്ടിത്തീര്‍ന്നശേഷമാണ് അപകടമുണ്ടായത്. 200ഓളം വലിയ അമിട്ടുകള്‍ കത്തിച്ചശേഷം അടുത്തയാള്‍ വെടിക്കെട്ടിന് തിരികൊളുത്തിയതിനുപിന്നാലേ ഉഗ്രസ്ഫോടനത്തോടെ കമ്പപ്പുര പൊട്ടിച്ചിതറി. കോണ്‍ക്രീറ്റ് ബീമുകള്‍ അകലേക്ക് തെറിച്ചുവീണതാണ് ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചത്. പൊട്ടിത്തെറിയില്‍ നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. തട്ടുകട നടത്തിപ്പുകാരും കാഴ്ചക്കാരായിരുന്നവരുമാണ് അപകടത്തില്‍പെട്ടത്. ആറു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തെറിശബ്ദംകേട്ടു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
വെടിക്കെട്ട് മത്സരത്തിന് അനുമതിയില്ലാതിരുന്നതിനാല്‍ പരവൂര്‍ ശാര്‍ക്കരക്ഷേത്രത്തിന് സമീപമാണ് സാമഗ്രികള്‍ തയാറാക്കിയിരുന്നത്. ഇവിടെനിന്ന് മിനിലോറിയില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ ഇവ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ തീപ്പൊരി പടര്‍ന്ന് പൊട്ടിത്തെറിയുണ്ടായെന്നാണ് പറയുന്നത്. കമ്പക്കെട്ട് നടത്തിയ ആശാന്മാര്‍ക്ക് വേണ്ടത്ര പരിചയം ഉണ്ടായിരുന്നില്ളെന്നും പറയുന്നു. വിലക്ക് പിന്‍വലിപ്പിക്കാന്‍ കലക്ടര്‍ക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നെന്നും പറയുന്നു. അനുമതി നല്‍കാതിരുന്നത് വര്‍ഗീയവത്കരിക്കാനും ശ്രമം നടന്നിരുന്നു.അനുമതി നല്‍കണമെന്ന തരത്തില്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.