വിവാദ കത്ത്: മുഖ്യമന്ത്രി കേസു കൊടുത്തത് വ്യവസ്ഥകള്‍ പാലിക്കാതെ
text_fieldsകൊച്ചി: സോളാര്‍ പ്രതി സരിത എസ്. നായരുമായി ഗൂഢാലോചന നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധത്തില്‍ കത്ത് സംപ്രേഷണം ചെയ്തെന്ന് കാണിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി കേസുകൊടുത്തത് വ്യവസ്ഥകള്‍ പാലിക്കാതെ. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി എറണാകുളം സി.ജെ.എം കോടതിയില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കും സരിത എസ്. നായര്‍ക്കുമെതിരെ കേസുകൊടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി.ജോണ്‍, കൈരളി ടി.വി ചീഫ് ന്യൂസ് എഡിറ്റര്‍ മനോജ് കെ.വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍, സരിത എസ്.നായര്‍ എന്നിവരെ ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളാക്കിയാണ് കേസുകൊടുത്തത്.
ഐ.പി.സി 499 (അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുക), 120 ബി (499) (ഇതിനായി ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്നാണ് മുഖ്യന്ത്രിയുടെ ആവശ്യം. എന്നാല്‍, സാധാരണഗതിയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍, അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയാണ് ആദ്യപടി. മാപ്പ് പ്രസിദ്ധീകരിക്കുന്നതിന് മതിയായ സമയം അനുവദിക്കുകയും വേണം. നിശ്ചിത സമയത്തിനകം വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പ്രസിദ്ധീകരിച്ചില്ളെങ്കില്‍ മാധ്യമ സ്ഥാപനത്തിന്‍െറ തലവന്‍, വാര്‍ത്ത തയാറാക്കിയ ആള്‍, വാര്‍ത്താ വിഭാഗത്തിന്‍െറ ചുമതലക്കാര്‍ തുടങ്ങിയവരെ പ്രതിയാക്കിയാണ് കേസ് നടപടികള്‍ ആരംഭിക്കുക.
എന്നാല്‍, മുഖ്യമന്ത്രി നല്‍കിയ കേസില്‍ ഏഷ്യനെറ്റിന്‍െറ എഡിറ്ററെ പ്രതിയാക്കിയെങ്കിലും വാര്‍ത്ത തയാറാക്കിയ റിപ്പോര്‍ട്ടറെ പരാമര്‍ശിക്കാതെ വിട്ടു. പകരം, അന്ന് ചര്‍ച്ച നയിച്ചയാളെയാണ് പ്രതിയാക്കിയത്. കൈരളിയുടെ കാര്യത്തില്‍ സ്ഥാപനത്തിന്‍െറ തലവനെ ഒഴിവാക്കിയെന്ന് മാത്രമല്ല, പ്രതിചേര്‍ത്ത രണ്ട് മാധ്യമ പ്രവര്‍ത്തകരും പ്രസ്തുത ദിവസം ഡ്യൂട്ടിയില്‍തന്നെ ഉണ്ടായിരുന്നില്ളെന്ന് സ്ഥാപനം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.