Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂര്‍ പൂരത്തിന്...

തൃശൂര്‍ പൂരത്തിന് ഇത്തവണയും വെടിക്കെട്ടുണ്ടാവും

text_fields
bookmark_border
തൃശൂര്‍ പൂരത്തിന് ഇത്തവണയും  വെടിക്കെട്ടുണ്ടാവും
cancel

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പതിവുപോലെ നടക്കും. തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച അതേ അളവില്‍ വെടിമരുന്ന് ഉപയോഗിക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഈ രണ്ട് ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏതുമില്ലാതെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കുമെന്ന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത തൃശൂര്‍ പൂരം, പാവറട്ടി തിരുനാള്‍ സംഘാടകസമിതി ഭാരവാഹികളുടെ യോഗത്തിനു ശേഷം കലക്ടര്‍ വി. രതീശന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
ഈമാസം 15ന് നടക്കുന്ന തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്, 18ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട്, അന്നുച്ചക്ക് പൂരം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് എന്നിവക്കെല്ലാം കൂടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് 2,000 കിലോ വീതം വെടിമരുന്ന് ഉപയോഗിക്കാന്‍ എറണാകുളം എക്സ്പ്ളോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കലക്ടറുടെ അനുമതി.
മുന്‍ വര്‍ഷങ്ങളിലും 2000 കിലോ വീതം വെടിമരുന്ന് ഉപയോഗിക്കാനുള്ള അനുമതി സമ്പാദിച്ചാണ് ഇവര്‍ വെടിക്കെട്ട് നടത്തിയത്. 17ന് നടക്കുന്ന പാവറട്ടി തിരുനാളിന് 15 കിലോ വെടിമരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കാനും ധാരണയായി. കഴിഞ്ഞ വര്‍ഷവും അതായിരുന്നു അളവ്. പരവൂര്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നടത്തുന്ന സ്ഥലവും കാണികള്‍ നില്‍ക്കുന്ന സ്ഥലവും തമ്മിലുള്ള അകലം 100 മീറ്റര്‍ ആയിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാമെന്ന ഉപാധിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊതുസമൂഹം ഉയര്‍ത്തിയ ആശങ്കകള്‍ അവഗണിച്ച് പൂരം വെടിക്കെട്ട് പഴയപടി നടത്താന്‍ കലക്ടര്‍ അനുമതി നല്‍കിയത്.
ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ളതാണെന്നും വെടിക്കെട്ട് ഒഴിവാക്കിയാല്‍ തൃശൂര്‍പൂരമില്ളെന്നും കലക്ടര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ 2,000 കിലോക്ക് അനുമതി നല്‍കിയാലും ഇരു വിഭാഗവും 6,000 കിലോ വീതം വരെ ഉപയോഗിക്കാറുണ്ടെന്നും ഇത്തവണ അത് സംഭവിക്കില്ളെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് പൊലീസും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് ചൊവ്വാഴ്ച മുതല്‍ പരിശോധന നടത്തും. ഇതിനകം അധികമായി നിര്‍മിച്ച വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പരിശോധിച്ച് വേണ്ടത് ചെയ്യും’ എന്ന് കലക്ടര്‍ പറഞ്ഞു.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഒരുക്കുന്ന തേക്കിന്‍കാട് മൈതാനത്തുനിന്ന് 100 മീറ്റര്‍ മാറി സ്വരാജ് റൗണ്ടിന്‍െറ ഒൗട്ടര്‍ ഫുട്പാത്തില്‍ മാത്രമെ കാണികളെ അനുവദിക്കൂ. അതിന് ബാരിക്കേഡ് സ്ഥാപിക്കും. യുനെസ്കോയുടെ പൈതൃക പുരസ്കാരം നേടിയ വടക്കുന്നാഥ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായും 100 മീറ്റര്‍ അകലമെന്ന വ്യവസ്ഥ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ണത്തിന് പ്രധാന്യം നല്‍കി ശബ്ദ തീവ്രത കുറക്കണമെന്ന് ദേവസ്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 125 ഡെസിബലാണ് അനുവദനീയമായ പരമാവധി ശബ്ദം. അക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും.
പാവറട്ടി തിരുനാളിന് വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. അവ പരിശോധിക്കും. ചൊവ്വാഴ്ച രാവിലെ എ.ഡി.എം, സബ് കലക്ടര്‍, ഗുരുവായൂര്‍ പൊലീസ് അസി. കമീഷണര്‍ എന്നിവര്‍ പാവറട്ടി സന്ദര്‍ശിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ പ്രഫ. എം. മാധവന്‍കുട്ടി, സി. വിജയന്‍, പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ മനോഹരന്‍, രാമചന്ദ്ര പിഷാരടി, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, റൂറല്‍ എസ്.പി കെ. കാര്‍ത്തിക്, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം കെ. ശെല്‍വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam fireparavoor blastthrissur pooram
Next Story