പൊള്ളലേറ്റവരെ മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റേണ്ട സാഹചര്യമില്ല
text_fieldsതിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരെ മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചിയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രത്യേക അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ചികിത്സ അവലോകനം ചെയ്യാനായി വിദഗ്ധ ഡോക്ടര്‍ സംഘത്തിന്‍റെ യോഗം നടന്നത്.
ആശുപത്രിയില്‍ കഴിയുന്നവര്‍ക്കായി എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഡല്‍ഹിയിലെ എയിംസ്, രാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ് എന്നീ ആശുപത്രികളില്‍ നിന്നും 20 വിദഗ്ധ ഡോക്ടര്‍മാരും കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും 4 വിദഗ്ധ ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്. ഇവരുടെ സേവനം കൂടി രോഗികള്‍ക്ക് ലഭ്യമാക്കും.
60 ശതമാനത്തിലേറെ പൊള്ളലേറ്റ 7 പേരും 40 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ 7 പേരും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ 27 പേരും ഇപ്പോള്‍ ചികിത്സയിലുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തൊട്ടടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് രണ്ടു പേരേയും ഗ്യാസ്‌ട്രോ ഐസിയുവിലേക്ക് ഒരാളേയും മാറ്റും.
പൊള്ളലേറ്റവരുടെ അടിയന്തിര സര്‍ജറിക്കായി 3 ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീയില്‍ നിന്നും 20 അറ്റന്റര്‍മാരെ അടിയന്തിരമായി എടുക്കും. മറ്റ് ആശുപത്രികളില്‍ നിന്നും 3 വെന്‍റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും. 5 പുതിയ വെന്റിലേറ്ററുകള്‍ വാങ്ങും.ഇവരുടെ ആരോഗ്യത്തിനായി ഡയറ്റീഷ്യന്‍മാരുടെ നിര്‍ദ്ദേശാനുസരണം ഉയര്‍ന്ന പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കിത്തുടങ്ങും. ഫിസിക്കല്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിത്തുടങ്ങി. അണുബാധ തടയാനായി ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീമും ഉണ്ടാക്കി.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍ ഐ.എ.എസ്, ഡി.എം.ഇ ഡോ. റംലാ ബീവി, എയിംസിലെ ഡോ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍.എം.എല്‍. ആശുപത്രിയിലെ ഡോ. മനോജ് ജാ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥ്, എസ്.എസ്.ബി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രമേശ് രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.