നടുക്കം വിട്ടൊഴിയാതെ ഒരു ഗ്രാമം
text_fieldsകൊല്ലം: നൂറിലേറെ പേരുടെ ദാരുണാന്ത്യത്തിന് സാക്ഷ്യംവഹിച്ച പുറ്റിങ്ങല്‍ ഗ്രാമം ഇനിയും നടുക്കത്തില്‍നിന്ന് മോചിതമായിട്ടില്ല. കടകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ആചാരപ്രകാരം മീനഭരണി ഉത്സവം കഴിഞ്ഞ് ഏഴ് രാത്രികള്‍ക്കുശേഷമാണ് നട തുറക്കേണ്ടത് എന്നതിനാല്‍ ക്ഷേത്രത്തിലേക്കും ആരും എത്തുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രതിനിധികളും എത്തുമ്പോള്‍ ഗ്രാമത്തിന് ഇങ്ങനെയൊരു ദുര്‍വിധി സംഭവിച്ചല്ളോയെന്ന് പരിതപിക്കുകയാണ് പലരും.
ഇവിടെ പതിറ്റാണ്ടുകളായി മത്സരക്കമ്പം നടക്കാറുണ്ടെന്ന് ദുരന്തഭൂമിക്ക് ഏറ്റവുമടുത്ത് താമസിക്കുന്ന കെ. ഷിബു പറഞ്ഞു.എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും മത്സരക്കമ്പത്തിന് വാക്കാല്‍ അനുമതി ലഭിക്കുമെന്നാണ് ക്ഷേത്ര ഭരണസമിതിക്കാര്‍ പറഞ്ഞത്. ക്ഷേത്രത്തിന് 60 മീറ്റര്‍ ചുറ്റളവില്‍ 11 വീടുകളാണുള്ളത്. കമ്പത്തിനു വേണ്ടിയാണ് രണ്ട് കമ്പപ്പുര നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. മത്സരക്കമ്പത്തിനു വേണ്ടി സമ്മര്‍ദം ചെലുത്തുന്നവര്‍ക്ക് അറിയില്ല, ഇതിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന്.
മത്സരമുണ്ടെങ്കില്‍ കമ്പത്തില്‍ പങ്കെടുക്കുന്ന ഇരുടീമിന്‍െറയും ഇനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ അറിയിക്കുമായിരുന്നു. ഇത്തവണ മത്സരമില്ലാതിരുന്നതിനാല്‍ ഇരുസംഘവും കരുതിവെച്ചതൊക്കെ പൊട്ടിച്ചുതീര്‍ത്തു. താനും കുടുംബവും വീടിന് മുന്നിലായിരുന്നു. വല്ലാത്ത ശബ്ദം കേട്ടതോടെ കുട്ടികളുമായി വീടിനകത്ത് കയറി -അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍െറ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കമ്പത്തിന് തിരി കൈമാറുന്നെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് വന്നതിനുപിന്നാലെ ഉഗ്രസ്ഫോടനമാണ് കേട്ടതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പരവൂര്‍ ഫയര്‍സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍ പറഞ്ഞു. കമ്മിറ്റിക്കാരുടെ ആവശ്യപ്രകാരം ഫയര്‍ എന്‍ജിനില്‍നിന്നുള്ള വെള്ളമടിച്ച് തീ അണച്ചു. ഇതിനിടെ ചില വാഹനങ്ങള്‍ കമ്പപ്പുരക്ക് സമീപത്തേക്ക് വന്നും പോയുമിരുന്നു. 3.15ഓടെയാണ് അപ്രതീക്ഷമായ സ്ഫോടനവും മിന്നലും കണ്ടത്. അതോടെ വൈദ്യുതി ബന്ധവും അറ്റു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഫയര്‍ എന്‍ജിനിലേക്കും എന്തൊക്കെയോ തെറിച്ചുവീണു. ഹോസിട്ട് വെള്ളംപമ്പ് ചെയ്യാന്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് രണ്ട് കൈകളുമറ്റ യുവാവ് വന്നത്. അയാളെ ആംബുലന്‍സില്‍ കയറ്റിയപ്പോഴേക്കും പരിക്കേറ്റ് പിന്നെയും പലരും വന്നു. കമ്പപ്പുരക്ക് സമീപം എത്തിയപ്പോള്‍ മാംസ പിണ്ഡങ്ങളാണ് കണ്ടത്. അപ്പോള്‍തന്നെ ഫയര്‍സ്റ്റേഷനിലും പൊലീസിലും വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. സ്ഫോടനത്തിന്‍െറ തീവ്രത പറഞ്ഞറിയിക്കാന്‍ കഴിയില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.