നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊലീസ് ബെല്‍റ്റും രേഖകളുമായി ലക്ഷ്മണന്‍
text_fieldsകോഴിക്കോട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊലീസ് ബെല്‍റ്റും ജി.ഡി ബുക്കുമെല്ലാം ഇനി കോഴിക്കോട്ടെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പൊലീസ് മ്യൂസിയത്തില്‍ കാണാം. കോഴിക്കോട് കല്ലായിയിലെ തടിക്കച്ചവടക്കാരനായ അജിത്ത് ടിംബര്‍ ഉടമ പി.വി. ലക്ഷ്മണനാണ് തന്‍െറ മുത്തച്ഛന്‍ തലശ്ശേരി എരഞ്ഞോളി മാട്ടാങ്കോട്ട് പുതിയവീട്ടില്‍ പി. കണാരന്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബ്ള്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുമുമ്പുള്ള പൊലീസ് ബെല്‍റ്റും ജി.ഡി ബുക്കും കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റക്ക് കൈമാറിയത്.
പൊലീസ് ബെല്‍റ്റിനും അപേക്ഷകള്‍ക്കും പുറമെ ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസുകാര്‍ തൊപ്പിയോടൊപ്പം ചുറ്റിവെച്ചിരുന്ന മെഡലും ലക്ഷ്മണന്‍െറ സൂക്ഷിപ്പില്‍ ഉണ്ട്. അടുത്തുതന്നെ ഇതും പൊലീസ് അധികൃതര്‍ക്ക് കൈമാറും. അച്ഛന്‍ പി.വി. ഗോവിന്ദനിലൂടെയാണ് ലക്ഷ്മണന് ഇവയെല്ലാം ലഭിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥനായിരുന്നു പി.വി. ഗോവിന്ദന്‍. 1974 വരെ ഗോവിന്ദന്‍ ഇവ സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന്‍െറ മരണശേഷം മകന്‍ ലക്ഷ്മണനായി ഈ അപൂര്‍വ രേഖകളുടെ കാവലാള്‍.
വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചിരുന്ന ബെല്‍റ്റും പഴയ മെമ്മോറാണ്ടവും ജി.ഡി ബുക്കുമെല്ലാം ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ലക്ഷ്മണന്‍ അധികൃതര്‍ക്ക് ഈ അപൂര്‍വ രേഖകള്‍ നല്‍കിയത്. കണാരന്‍ 1886-1902 കാലഘട്ടത്തിലാണ് കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളയായി ജോലിചെയ്യുന്നത്. 1886 മുതല്‍ മലപ്പുറം കല്‍പകഞ്ചേരിയില്‍ ജോലിയില്‍ പ്രവേശിച്ചശേഷമാണ് കണാരന്‍ കോഴിക്കോട്ട് കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുന്നത്.
1886ല്‍ ഉപയോഗിച്ചിരുന്ന ചുവപ്പ് ബെല്‍റ്റ്, പെന്‍ഷന്‍ തുകയായി അഞ്ച് ഉറുപ്പികയും ആറ് അണയും അനുവദിച്ചതില്‍ 14 അണ കിട്ടാത്തതുമായി ബന്ധപ്പെട്ട് കണാരന്‍ അയച്ച അപേക്ഷ തുടങ്ങിയ പഴയകാല ശേഷിപ്പുകളാണ് മ്യൂസിയത്തിലേക്ക് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.