ആദിവാസി വിവാഹം: പോക്സോ ചുമത്തരുതെന്ന് നിര്‍ദേശം
text_fieldsകല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) പ്രകാരം കേസെടുക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനം. ഇവര്‍ക്കെതിരെ ശൈശവ വിവാഹനിയമപ്രകാരം മാത്രം കേസെടുത്താല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ചു.
ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സിറ്റിങ്ങിലാണ് തീരുമാനം. ഇരുഭാഗത്തും ആദിവാസികളാണെങ്കില്‍ പോക്സോ ചുമത്തരുതെന്നാണ് നിര്‍ദേശം. ആചാരപ്രകാരം വിവാഹം കഴിച്ചതിനത്തെുടര്‍ന്ന് ജില്ലയില്‍ 30ഓളം ആദിവാസി യുവാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയി പോക്സോ ചാര്‍ത്തിയതിനാല്‍ ജാമ്യംകിട്ടാതെ ജയിലില്‍കഴിയുന്ന വിവരം 2015 ഡിസംബര്‍ 17ന് ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്ത് മറ്റൊരിടത്തും പോക്സോ ചുമത്താറില്ളെന്നിരിക്കെയാണ് വയനാട്ടിലെ ആദിവാസി യുവാക്കള്‍ക്കുമേല്‍ ഈ നിയമപ്രകാരം കേസെടുക്കുന്നത്. ജയിലിലടക്കപ്പെട്ടവരിലേറെയും പണിയവിഭാഗത്തില്‍പെട്ടവരാണ്. തടവറക്കുള്ളിലായ മിക്കവരും കുടുംബം പോറ്റുന്നവരുമാണ്. ഇവരെ തടങ്കലിലാക്കിയതോടെ മിക്ക കുടുംബങ്ങളും പട്ടിണിയിലായി.
മാധ്യമം വാര്‍ത്ത ചര്‍ച്ചയായതോടെ, വിഷയത്തിലിടപെട്ട സാമൂഹികപ്രവര്‍ത്തകര്‍ നിയമസഹായവും മറ്റും നല്‍കിയതിനാല്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചു. കടുത്ത നിബന്ധനകളുള്ളതിനാല്‍ ജാമ്യം കിട്ടിയിട്ടും പലര്‍ക്കും ജയിലഴിക്കുള്ളില്‍ത്തന്നെ കഴിയേണ്ടിവന്നു. 17കാരിയെ വിവാഹംകഴിച്ച അമ്പലവയലിലെ ബാബുവിനെതിരെ പോക്സോ ചാര്‍ത്തിയതിനത്തെുടര്‍ന്ന് 40 വര്‍ഷം തടവാണ് വിധിച്ചത്. ഭാര്യക്കും കുഞ്ഞിനുമൊപ്പം കഴിയവേയാണ് ബാബുവിനെ പൊലീസ് കൊണ്ടുപോയത്.
ആചാരങ്ങളാല്‍ നയിക്കപ്പെടുന്ന പണിയവിഭാഗക്കാര്‍ പരമ്പരാഗതമായി ചെറുപ്രായത്തില്‍ത്തന്നെ വിവാഹിതരാവുന്നത് പതിവാണ്. പെണ്ണും ചെക്കനും തമ്മിലിഷ്ടപ്പെട്ടാല്‍ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്യാണംകഴിക്കുന്നത് നിയമപരമായി തെറ്റാണെന്നറിയാത്തവരാണ് പോക്സോയില്‍ കുരുങ്ങിയവരെല്ലാം. കോളനികളില്‍ ഇതുസംബന്ധിച്ച ഒരുവിധ ബോധവത്കരണവും നടത്താതെയാണ് അധികൃതര്‍ ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കുറ്റം ചുമത്തുന്നത്. മോണിറ്ററിങ് കമ്മിറ്റി തീരുമാനം എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിക്കാന്‍ എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.സി-എസ്.ടി ആക്ട് പ്രകാരമുള്ള സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. വേണുഗോപാല്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. നിലവിലുള്ള കേസുകളില്‍ ആദിവാസി യുവാക്കള്‍ക്ക് ജാമ്യമെടുക്കാനും മറ്റുമുള്ള നിയമസഹായമുള്‍പ്പെടെയുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്ന് സമരസമിതി കണ്‍വീനര്‍ ഡോ. പി.ജി. ഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.