പരവൂർ ദുരന്തം: കീഴടങ്ങിയവരുടെ എണ്ണം ഏഴായി
text_fieldsകൊല്ലം: പരവൂർ വെടിക്കെട്ട് ദുരന്തത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ രണ്ടു പേർ കൂടി കീഴടങ്ങി. ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള, ദേവസ്വം അംഗം മുരുകേശൻ എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. പത്താം തീയതിയുണ്ടായ വെടിക്കെട്ടപകടത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വെടിക്കെട്ടപകടത്തില്‍ പ്രതികളായ അഞ്ച് ദേവസ്വം ഭാരവാഹികള്‍ തിങ്കളാഴ്ച രാത്രി കീഴടങ്ങിയിരുന്നു. പ്രസിഡന്‍റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരൻ പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങിയത്. രാത്രി 11ഓടെ വർക്കല കാപ്പിൽ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് സിറ്റി പൊലീസ് കമീഷണറുടെ സ്‌ക്വാഡ് ഇവരെ കണ്ടെത്തിയത്.
കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച പ്രതികളെ ചോദ്യംചെയ്യാൻ തുടങ്ങി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ചാത്തനൂർ എ.സി.പിയെ ക്രൈംബ്രാഞ്ച് ഒാഫീസിലേക്ക് അന്വേഷണസംഘം വിളിപ്പിച്ചു. വെടിക്കെട്ടിന് അനുമതി നൽകാമെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ദേവസ്വം ഭാരവാഹികളില്‍ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് പത്തു പേരെ കൂടി പിടികൂടാനുണ്ട്. നരഹത്യക്കും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹികൾ, വെടിക്കെട്ടിന്‍റെ ലൈസൻസി എന്നിവർക്കെതിരെ കേസെടുത്തത്. കരാറുകാരിൽ ഒരാളായ സുരേന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ഷേത്രഭരണസമിതി അംഗങ്ങളായ 15 പേര്‍, നാല് കരാറുകാര്‍, അഞ്ച് ജോലിക്കാര്‍ എന്നീ 24 പേരെ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്‍റെ മേല്‍നോട്ടത്തില്‍ എസ്.പി ശ്രീധരന്‍, ഡിവൈ.എസ്.പിമാരായ രാധാകൃഷ്ണപിള്ള, സുരേഷ് കുമാര്‍, ബൈജു, ഷാനവാസ് എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 108 ആയി. പരിക്കേറ്റ 383 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണ്. ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചവരും ഗുരുതരമായി പൊള്ളലേറ്റവരുമാണ് പലരും. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 67 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എട്ടുപേര്‍ പൊള്ളല്‍ ചികിത്സാ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.