ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സീറ്റ് ക്ഷാമം പഠിക്കാന്‍ സ്ഥിരംസമിതികള്‍
text_fieldsതിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ രണ്ട് തലങ്ങളിലുള്ള സമിതികള്‍ രൂപവത്കരിച്ചു. മേഖലയിലെ സീറ്റ് ക്ഷാമം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ സംബന്ധിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് 2015 ആഗസ്റ്റ് 20ന് ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥിരംസമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ചെയര്‍മാനും അക്കാദമിക് വിഭാഗം ജോയന്‍റ് ഡയറക്ടര്‍ കണ്‍വീനറുമായാണ് സംസ്ഥാനതല സമിതി രൂപവത്കരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയന്‍റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ കണ്‍വീനറായി മേഖലാ തലത്തിലുള്ളതാണ് മറ്റൊരു സമിതി. മേഖലകളിലെ ഡി.ഇ.ഒമാര്‍, ജില്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഈ സമിതികളില്‍ അംഗങ്ങളായിരിക്കും. മേഖലാതല സമിതികള്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 30നകം തൊട്ടടുത്ത വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാനതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംസ്ഥാനതല സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറണം. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ വിജ്ഞാപനമിറക്കുകയും അപേക്ഷ ക്ഷണിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും വേണം. മാര്‍ച്ച് 31നകം സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കണം. 2016-17 വര്‍ഷത്തെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മേഖലാതല സമിതികള്‍ ഉത്തരവിറങ്ങി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 20 ദിവസത്തിനകം സംസ്ഥാനതല സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണം.
ഹയര്‍ സെക്കന്‍ഡറിയില്ലാത്ത 148 ഗ്രാമപഞ്ചായത്തുകളില്‍ അവ അനുവദിക്കാനും എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ട് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് പുതിയ ബാച്ചുകള്‍ അനുവദിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം കോടതി കയറിയതിനത്തെുടര്‍ന്നുണ്ടായ വിധിയിലാണ് ഹൈകോടതി നിര്‍ദേശം നല്‍കിയത്. 2014ല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലെ ആറംഗസമിതി ശിപാര്‍ശ ചെയ്ത സ്കൂളുകളില്‍ പലതും വെട്ടിമാറ്റിയായിരുന്നു ഉത്തരവിറങ്ങിയത്. മന്ത്രിസഭാ ഉപസമിതി കൈകടത്തല്‍ നടത്തിയ സ്കൂളുകളുടെ പട്ടിക ചോദ്യംചെയ്ത് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചു. ആറംഗസമിതി ശിപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ ഉത്തരവിട്ട കോടതി, മന്ത്രിസഭാ ഉപസമിതി പട്ടികയില്‍ തിരുകിക്കയറ്റിയവ അനുവദിച്ചത് റദ്ദാക്കുകയും ചെയ്തു.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്ഥിരംസംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി. ആവശ്യങ്ങള്‍ ഒരുവര്‍ഷം മുന്‍കൂട്ടി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ സമയാസമയങ്ങളില്‍ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുകയും ഇത്തരം ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ നടപടിയെടുക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.