മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിനുശാപം -എന്‍.എസ്.എസ്
text_fieldsചങ്ങനാശേരി: മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിനുശാപമാകുകയാണെന്നും പഴുതടച്ച ശക്തമായ നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാകണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടത്തിയ മത്സരവെടിക്കെട്ട് ലോകത്തെ നടുക്കിയ ഒരു ദേശീയ ദുരന്തമാണ്. ഇതുപോലെ ചെറുതും വലുതുമായ എത്രയോ ദുരന്തങ്ങള്‍ ഉണ്ടായി. മതപരം, ആചാരം, കീഴ്വഴക്കം, ജനപ്രതിനിധികളുടെ ഇടപെടല്‍ എന്നിവ മൂലം നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ല. ധനനാശം വരുത്തുന്നതും ജീവഹാനിക്ക് ഇടയാക്കുന്നതുമായ ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരണം.
ആചാരപരമായ വെടിക്കെട്ടുകള്‍ നടത്തേണ്ടിവന്നാല്‍ അത് അപകടസാധ്യത ഒഴിവാക്കി, വേണ്ടത്ര സുരക്ഷാ സംവിധാനത്തില്‍ വേണം. വെടിക്കെട്ട് മത്സരമാകുമ്പോഴാണ് സര്‍വനിയന്ത്രണങ്ങളും വിട്ടുപോകുന്നത്. അത്തരം കമ്പക്കെട്ടുമത്സരം കാണാന്‍ നിരപരാധികളായ ജനം എല്ലാംമറന്ന് തടിച്ചുകൂടുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച പരവൂര്‍ വെടിക്കെട്ടിന്‍െറ സംഘാടകര്‍ ഉള്‍പ്പെടെ എല്ലാവരും ഉത്തരവാദിത്തത്തില്‍നിന്ന് കൈയൊഴിയുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ ധന-ചികിത്സാ സഹായങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ട് പ്രശ്നത്തിന് ശാശ്വതപരിഹാരം ആകുന്നില്ല. വീണ്ടും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാറുകളും ഉദ്യോഗസ്ഥരും നിലവിലുള്ള നിയമങ്ങളില്‍ മാറ്റംവരുത്തുകയാണ് വേണ്ടതെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.