മത്സരവെടിക്കെട്ട് നടന്നില്ലെന്ന് ക്ഷേത്രഭാരവാഹികളുടെ മൊഴി
text_fieldsകൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ക്ഷേത്രഭാരവാഹികളെ കൊല്ലത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. ക്ഷേത്രത്തിൽ മത്സര വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ചിരുന്നതായി കമ്മിറ്റിക്കാർ മൊഴി നൽകി. ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള വെടിക്കെട്ടായി നടത്തുകയായിരുന്നുവെന്നും ഇതിനായി കരാറുകാർക്ക് ഏഴു ലക്ഷം രൂപ നൽകിയെന്നും ഇവർ മൊഴിനൽകി. പ്രസിഡന്‍റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരൻ പിള്ള, ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഇവർ കീഴടങ്ങിയത്. ക്ഷേത്രഭരണ സമിതി രക്ഷാധികാരി സുരേന്ദ്രനാഥന്‍ പിള്ള ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് സംഘം ഇതുവരെ 24 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ക്ഷേത്രഭരണസമിതി അംഗങ്ങളായ 15 പേര്‍, നാല് കരാറുകാര്‍, അഞ്ച് ജോലിക്കാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതൽ പേർ പ്രതിചേര്‍ക്കപ്പെടുമെന്നാണ് സൂചന.
എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്‍െറ മേല്‍നോട്ടത്തില്‍ എസ്.പി ശ്രീധരന്‍, ഡിവൈ.എസ്.പിമാരായ രാധാകൃഷ്ണപിള്ള, സുരേഷ്കുമാര്‍, ബൈജു, ഷാനവാസ് എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഘം തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറന്‍സിക് വിഭാഗം സയന്‍റിഫിക് ഓഫിസര്‍മാരായ ജിജി, നിഷ, ദേവപ്രഭ തുടങ്ങിയവരും അന്വേഷണസംഘത്തെ അനുഗമിക്കുന്നുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കും. ചാത്തന്നൂര്‍ ഡിവൈ.എസ്.പി എം.എസ്. സന്തോഷ്കുമാറിന്‍െറ ഓഫിസ് രേഖകളും പരിശോധിക്കും. വെടിക്കെട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കമീഷണറും കലക്ടറും വിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട സാഹചര്യത്തില്‍ രേഖകള്‍ ആധികാരികമായി പരിശോധിക്കാനാണ് എ.ഡി.ജി.പി നല്‍കിയ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.