കൃഷ്ണക്കും കിഷോറിനും ഇനി സര്‍ക്കാറിന്‍െറ തണല്‍
text_fieldsതിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് നാടിന്‍െറ നൊമ്പരമായ കൃഷ്ണക്കും കിഷോറിനും ഇനി സര്‍ക്കാറിന്‍െറ തണല്‍. സ്നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരെ സംരക്ഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇവരുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവരുടെ പണി തീരാത്ത വീടിന്‍െറ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും.
ജില്ലാ സഹകരണബാങ്കില്‍നിന്ന് വീടുവെക്കാന്‍ എടുത്ത വായ്പാ കുടിശ്ശിക അടക്കാനും തീരുമാനമായി. ദുരന്തത്തില്‍ കൃഷ്ണയുടെയും കിഷോറിന്‍െറയും മാതാപിതാക്കളായ ബെന്‍സിയും (44) ബേബി ഗിരിജയും (41) മരിച്ചിരുന്നു. തലനാരിഴക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. 10ാം ക്ളാസുകാരിയാണ് കൃഷ്ണ. കിഷോര്‍ ഏഴാം ക്ളാസിലും.
പുറ്റിങ്ങല്‍ ക്ഷേത്രത്തിനുസമീപം പെരുവിളയിലാണ് ഇവരുടെ വീട്. പ്രതിസന്ധികളോട് പടപൊരുതി മാതമാപിതാക്കള്‍ മക്കളെ നല്ലനിലയില്‍ വളര്‍ത്തി. ബെന്‍സി പകല്‍ ഉന്തുവണ്ടിയില്‍ വീടുവീടാന്തരം പച്ചക്കറി വില്‍പന നടത്തും. ബേബി ഗിരിജ തൊഴിലുറപ്പ് ജോലിക്കും പോകും. വൈകീട്ട് പരവൂര്‍ ജങ്ഷനിലെ പ്രസന്ന തിയറ്ററിന് സമീപം ഉന്തുവണ്ടിയില്‍ ഇരുവരും ചേര്‍ന്ന് ചായക്കച്ചവടം നടത്തും.
ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള അച്ഛനമ്മമാരുടെ പെടാപ്പാടില്‍ പലപ്പോഴും കുട്ടികളും ചേരും. ദുരന്തരാത്രി ഇവര്‍ ക്ഷേത്രത്തിനുസമീപമാണ് ചായക്കട നടത്തിയത്. കുട്ടികളെ ദുരന്തത്തിന് തൊട്ടുമുമ്പാണ് അമ്മ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചത്. പിന്നാലെ അപകടം സംഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.