വെടിക്കെട്ട് ദുരന്തം: അന്വേഷണം കലങ്ങിമറിയുന്നു
text_fieldsകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം കലങ്ങിമറിയുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച ജില്ലാ ഭരണകൂടത്തിനെതിരെ അന്വേഷണസംഘം നീങ്ങുന്നത് കേസ് വഴിതിരിച്ചുവിടാനുള്ള നീക്കമായാണ് വിലയിരുത്തല്‍.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതുമുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികളുടെയും മൊഴി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുംവിധമാണ് ഉപയോഗിക്കുന്നത്. പൊലീസിനെതിരെ തിരിഞ്ഞ കലക്ടറുടെ നടപടിക്കെതിരെ മന്ത്രിമാരും കെ.പി.സി.സി പ്രസിഡന്‍റും രംഗത്തുവന്നതും അന്വേഷണദിശ മാറുമെന്ന സൂചനയാണ് നല്‍കുന്നത്. വെടിക്കെട്ട് പാടില്ളെന്ന് ഉത്തരവിറക്കിയത് എ.ഡി.എം ഷാനവാസാണ്. എന്നാല്‍, വെടിക്കെട്ട് ദിവസം എ.ഡി.എം വാക്കാല്‍ അനുമതി നല്‍കിയെന്നും ഇത് അറിയിക്കാന്‍ തഹസില്‍ദാര്‍ ക്ഷേത്രത്തിലത്തെിയെന്നുമാണ് കഴിഞ്ഞദിവസം പരവൂര്‍ സി.ഐ വ്യക്തമാക്കിയത്. നിയമപ്രകാരം എ.ഡി.എമ്മിന്‍െറ ഉത്തരവ് വാക്കാല്‍ മറികടക്കാനാവില്ളെന്ന വസ്തുത ഇവിടെ ബോധപൂര്‍വം വിസ്മരിച്ചു. ദുരന്തത്തിന്‍െറ ഉത്തരവാദിത്തത്തിലേക്ക് എ.ഡി.എമ്മിനെയും അതുവഴി കലക്ടറെയും എത്തിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തുന്നവരുണ്ട്. പൊലീസും ജില്ലാ ഭരണകൂടവും രണ്ടുതട്ടില്‍ നില്‍ക്കുമ്പോള്‍ ക്രൈംബ്രാഞ്ചിന് നിഷ്പക്ഷ അന്വേഷണം നടത്താനാവില്ളെന്നിരിക്കെയാണ് ഇത്തരം നീക്കങ്ങള്‍. വെടിക്കെട്ടിന് മുമ്പ് പൊലീസിന്‍െറ നിലപാടുകള്‍ പരിശോധിച്ചാല്‍തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും.
മത്സരക്കമ്പം മറച്ചുവെച്ചാണ് വെടിക്കെട്ടിന് ദേവസ്വം കമ്മിറ്റി അപേക്ഷ നല്‍കിയതെന്ന് ഏപ്രില്‍ ആറിന് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് പരിശോധിച്ച് എട്ടിന് വെടിക്കെട്ട് നിരോധിച്ച് എ.ഡി.എം ഷാനവാസ് ഉത്തരവിറക്കി. എന്നാല്‍, ഒമ്പതിന് തിരുത്തിയ റിപ്പോര്‍ട്ടുമായി പൊലീസ് വീണ്ടുമത്തെി.
ഇളവുകളോടെ അനുമതി നല്‍കാമെന്നായിരുന്നു നിലപാട്. രണ്ടുദിവസംകൊണ്ട് കാര്യങ്ങള്‍ക്ക് എങ്ങനെ മാറ്റമുണ്ടായെന്ന് അറിയാത്തതിനാല്‍ നിരോധം പിന്‍വലിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ ഭരണകൂടം ഉറച്ചുനില്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.