സരിത്ത് മഞ്ജുഷക്ക് താലിചാര്‍ത്തി; നീങ്ങിയത് ജാതിയുടെ വേലിക്കെട്ടുകള്‍
text_fieldsമാനന്തവാടി: സ്വസമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന മുതിര്‍ന്നവര്‍ നിഷ്കര്‍ഷിച്ചുപോന്ന ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കി സരിത്ത് മഞ്ജുവിന്‍െറ കഴുത്തില്‍ മിന്നുചാര്‍ത്തി. ആദിവാസി സമൂഹത്തിനിടയില്‍ പുതിയൊരധ്യായമാണ് അതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. അടിയ വിഭാഗത്തിന്‍െറ ആചാരത്തിന്‍െറ ഭാഗമായ ഗദ്ദികയെ ജനകീയവത്കരിച്ച, അന്തരിച്ച പി.കെ. കാളന്‍െറ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മകന്‍ കരിയനാണ് തന്‍െറ മകന്‍ സരിത്തിനെക്കൊണ്ട് പണിയ സമുദായത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിച്ചത്.
തൃശ്ശിലേരി വരിനിലം കൈതവള്ളി കോളനിയില്‍ താമസിക്കുന്ന കരിയന്‍െറ ഭാര്യ സരോജിനി തന്‍െറ മകന് പറ്റിയ പെണ്ണിനെ അന്വേഷിക്കാത്ത സ്ഥലമില്ല. അങ്ങനെയാണ് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലെ മണിയുടെയും തങ്കയുടെയും മകള്‍ മഞ്ജുഷയെ കണ്ടത്തെുന്നത്. പക്ഷേ, പണിയ സമുദായമായതിനാല്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. ഭര്‍ത്താവ് കരിയനോട് കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ സമ്മതം. മകന്‍െറ സമ്മതം കൂടിയായപ്പോള്‍ വീണ്ടും മഞ്ജുഷയുടെ വീട്ടിലത്തെി മകളെ തന്‍െറ മകന് വിവാഹം ചെയ്തുതരണമെന്ന് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ച മണി സ്വസമുദായത്തിലെ കാരണവരുമായി കൂടിയാലോചിച്ചു. മറ്റൊരു സമുദായത്തിലേക്ക് കുട്ടിയെ കൊടുക്കുന്നതിനോട് അവര്‍ക്കും ഇഷ്ടക്കേടില്ല.
ഇതോടെ വിവാഹ നടപടിക്രമങ്ങള്‍ തകൃതിയായി നടന്നു. അങ്ങനെ ഞായറാഴ്ച രാത്രി വരനും സംഘവും വധൂഗൃഹത്തില്‍ എത്തി. പണിയ ആചാരപ്രകാരമുള്ള വട്ടക്കളി, തുടിതാളം തുടങ്ങിയവയോടെയുള്ള വിവാഹച്ചടങ്ങുകള്‍ നടത്തി വരനും സംഘവും തിരിച്ചുപോയി. വീണ്ടും തിങ്കളാഴ്ച രാവിലെ മടങ്ങിയത്തെി ഹിന്ദു ആചാരപ്രകാരം നിലവിളക്കും നിറപറയും സാക്ഷികളായി കതിര്‍മണ്ഡപത്തില്‍നിന്ന് മഞ്ജുഷയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. തൃശ്ശിലേരി ക്ഷേത്രത്തിലെ നാരായണ അഡിഗയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് വരനും സംഘത്തിനും നാട്ടുകാര്‍ക്കും വിഭവസമൃദ്ധമായ സദ്യയും നല്‍കി.
കരിയന്‍െറ ഏകമകനായ സരിത്ത് നല്ലൂര്‍നാട് അംബേദ്കര്‍ ഹോസ്റ്റലിലെ താല്‍ക്കാലിക വാച്ചറാണ്. മഞ്ജുഷ ആറാട്ടുതറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. മണിയുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് മഞ്ജുഷ. മനോജ്, മഹേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്. തന്‍െറ മാതൃക മറ്റുള്ളവരും പിന്തുടരണമെന്നാണ് മണിയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.