തൃശൂർ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി
text_fieldsകൊച്ചി: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ഹൈകോടതി ഉപാധികളോടെ അനുമതി നൽകി. നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം 2007 ലെ സുപ്രീംകോടതി വിധി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവിൽ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈകോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി
വെടിക്കെട്ടിന്‍റെ ശബ്ദപരിധി 125 ഡെസിബലായി നിയന്ത്രിക്കണം. പൂർണ ആരോഗ്യമില്ലാത്ത ആനകളെ എഴുന്നള്ളിക്കരുത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണം. വെടിക്കെട്ട് മൂലം ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകൾക്കോ കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പൂരം തൃശൂരിന്‍റെ സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമാണെന്നും കോടതി ഒാർമ്മിപ്പിച്ചു. സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിക്കണമെന്ന പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അതേസമയം, വെടിക്കെട്ട് ആനകളെ ബാധിക്കുമെന്ന മൃഗസംരക്ഷണ ബോർഡിന്‍റെ വാദം ഹൈകോടതി പരിഗണിച്ചില്ല.
പൂരം ആചാരപ്രകാരം നടക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. ആന എഴുന്നള്ളിപ്പിന്‍റെ നിരോധം സർക്കാർ നീക്കിയിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ സർക്കുലർ ആശയക്കുഴപ്പമുണ്ടാക്കിയത് കൊണ്ടാണ് പിൻവലിച്ചതെന്നും എ.ജി അറിയിച്ചു. വെടിക്കെട്ടിനുള്ള വെടിമരുന്ന് പ്രത്യേക സ്ക്വാഡ് പരിശോധിക്കുമെന്നും പൂരത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിക്കുമെന്നും മുൻ കരുതലെന്ന നിലയിൽ സ്വരാജ് ഗ്രൗണ്ടിലെ പമ്പുകൾ അടച്ചിടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പ്രതികരിച്ചു. പൂരത്തിന്‍റെ ചടങ്ങുകൾ ആചാരപ്രകാരം നടത്തുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.