ആറ്റിങ്ങൽ ഇരട്ടകൊലപാതകം: പ്രതികൾ കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിലെ പ്രതികളായ ടെക്നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയും (32) നടത്തിയ ഗൂഢാലോചനയും കൊലപാതകവും തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളും മൊബൈൽ ഫോട്ടോകളും കോടതി പരിശോധിച്ചു. ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ കോടതിയിൽ അറിയിച്ചു.
2014 ഏപ്രിൽ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസിയാണ് കേസിൽ വിധി പറഞ്ഞത്.അനുശാന്തിയുടെ ഭർത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന(57), മകൾ സ്വസ്തിക(4) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരുമിച്ച് ജീവിക്കാനായി ഭർത്താവിന്‍റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോക്ക് ഒത്താശ നൽകുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വെട്ടേറ്റെങ്കിലും ഭർത്താവ് ലിജേഷ് രക്ഷപ്പെട്ടിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ലിജേഷ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. റൂറൽ എസ്.പിയായിരുന്ന രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ആർ. പ്രതാപൻ നായർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ്, ബാബു നാഥുറാം, ചൈതന്യ കിഷോര്‍, പി. സുഭാഷ് എന്നിവര്‍ ഹാജരായി.
ടെക്നോപാർക്കിൽ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായിരുന്ന കുളത്തൂർ കരിമണൽ മാഗി നിവാസിൽ നിനോ മാത്യുവും ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തിയും അടുപ്പത്തിലായിരുന്നു. ഏപ്രിൽ 16ന് രാവിലെ പത്തരയോടെ കെ.എസ്.എഫ്.ഇയിൽ ചിട്ടി പിടിക്കാനെന്നു പറഞ്ഞ് നിനോ മാത്യു ഓഫീസിൽ നിന്ന് ഇറങ്ങി. കാറിൽ ഇയാൾ ലിജേഷിന്‍റെ വീട്ടിലേക്ക് തിരിച്ചു. നിനോ ഇവിടെ എത്തുമ്പോൾ ലിജേഷിന്‍റെ പിതാവ് തങ്കപ്പൻ ചെട്ടിയാർ പുതുതായി വീട് നിർമിക്കുന്ന സ്ഥലത്തായിരുന്നു. ലിജേഷ് ബാങ്കിൽ പോയിരിക്കുകയായിരുന്നു. ഓമനയും സ്വസ്തികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അനുശാന്തിയുടെ നാലുവയസുകാരിയായ മകളെയും ഓമനയെയും വകവരുത്തിയശേഷം ലിജേഷിനു വേണ്ടി നിനോ കാത്തു നിന്നു.
അരമണിക്കൂറിനകം വീട്ടിലെത്തിയ ലിജേഷിനെ കതകിനു പിന്നിൽ മറഞ്ഞു നിന്ന നിനോ മാത്യു വെട്ടുകയായിരുന്നു. പിൻകഴുത്തിലും ചെവിയിലും വെട്ടേറ്റ ലിജേഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പിറകുവശത്തുകൂടി ഓടി രക്ഷപ്പെട്ട നിനോ മാത്യുവിനെ അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.