തട്ടകം വിറച്ചു, വിസ്മയം വാരിവിതറി സാമ്പിള്‍
text_fieldsതൃശൂര്‍: ശബ്ദഘോഷത്തിനൊപ്പം വിണ്ണിലേക്ക് വര്‍ണം കൂടി വാരിയെറിഞ്ഞപ്പോള്‍ തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഉജ്ജ്വലമായി. കര്‍ശന നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച ഉദ്വോഗത്തിനെടുവില്‍ ഒന്നര മണിക്കൂറോളം വൈകി സാമ്പിളിന് തിരികൊളുത്തിയപ്പോള്‍ കാത്തിരുന്ന പുരുഷാരം കടല്‍പോലെ ഇളകി. എട്ടേകാലോടെയാണ് സാമ്പിള്‍ ആരംഭിച്ചത്. ശബ്ദംകൊണ്ട് കാതുകളെ പ്രകമ്പനം കൊള്ളിച്ചും വര്‍ണംകൊണ്ട് കണ്ണുകളെ വിസ്മയിപ്പിച്ചും ആമോദത്തിന്‍െറ പുതുതലങ്ങള്‍ പലനിലകളില്‍ കെട്ടിയുയര്‍ത്തിയ സാമ്പിള്‍ അവിസ്മരണീയമായൊരു കലാവിരുന്നായി.
വടക്കുന്നാഥന് മുന്നില്‍ ഒരുക്കിയ സാമ്പിള്‍ വെടിക്കെട്ടില്‍ ആദ്യത്തേതിന് തിരികൊളുത്തിയപ്പേഴെ കാഴ്ചക്കാരുടെ ആവേശം അണപൊട്ടി. ആകാംക്ഷയുടെ ദിവസങ്ങള്‍ക്കുശേഷമുള്ള സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ട് എത്തിയിരുന്നത്. കഠിനമായ ചൂട് പൂരാവേശം തെല്ലും തളര്‍ത്തില്ളെന്ന് വൈകിയും കാത്തുനിന്ന ആള്‍ക്കൂട്ടം തെളിയിച്ചു.
ആദ്യം തുടങ്ങിയ പാറമേക്കാവിന്‍െറ സാമ്പിള്‍ വെടിക്കെട്ട് പൊട്ടിപ്പൊട്ടി കൂട്ടപ്പൊരിച്ചിലിലത്തെിയതോടെ കണ്ടുനിന്നവരുടെ കൈകളും വായുവില്‍ താളമിട്ട് തുടങ്ങി, അവസാനിച്ചപ്പോള്‍ കാഴ്ചക്കാരായി എത്തിയവരുടെ കണ്ഠത്തില്‍നിന്ന് ഉയര്‍ന്നു ആര്‍പ്പുവിളികള്‍. പിന്നീട് തിരുവമ്പാടിയുടെ ഊഴം, നിരാശപ്പെടുത്താതെ അതും അവസാനിച്ചതോടെ കണ്ടുനിന്നവര്‍ പറഞ്ഞു- ഇനി കാണാനിരിക്കുന്നതാണ് പൂരം.
ഏഴിനാണ് സാമ്പിള്‍ വെടിക്കെട്ടിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍, എ.ഡി.എമ്മില്‍നിന്ന് പ്രദര്‍ശനാനുമതി ലഭിച്ചത് ഏഴേകാലോടെ. ഇതിന് ശേഷമേ വെടിക്കെട്ടുപുരകളില്‍നിന്ന് സാമഗ്രികള്‍ ഇറക്കാന്‍ പൊലീസ് അനുവദിച്ചുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ആസ്വാദകര്‍ക്കിത് ചെറിയ നിരാശക്ക് കാരണമായി. വര്‍ണവിസ്മയങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്താതെയാണ് ഇരു വിഭാഗങ്ങളും അമിട്ടുകള്‍ക്ക് തിരികൊളുത്തിയത്. വ്യത്യസ്ത ഇനം പൂക്കള്‍ പൂരനഗരിയുടെ ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്തു. നിയന്ത്രണങ്ങള്‍ക്കിടയിലും കാഴ്ചക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതായിരുന്നു ഇത്തവണത്തേയും സാമ്പിള്‍ വെടിക്കെട്ട്. കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്‍െറ കരാറുകാരനില്‍നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. ഇത് സാമ്പിളിനെയും ബാധിച്ചു. പാറമേക്കാവ് വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയത് ചാലക്കുടി കരൂര്‍ ചക്കാട്ടില്‍ സ്റ്റിബിന്‍ സ്റ്റീഫനാണ്. നിയന്ത്രണങ്ങള്‍ക്കുള്ളില്‍നിന്നാണ് തിരുവമ്പാടി വിഭാഗവും സാമ്പിളൊരുക്കിയത്. മുണ്ടത്തിക്കോട് സതീശനാണ് തിരുവമ്പാടിക്കായി ഇത്തവണയും വെടിക്കെട്ട് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.