വെടിമരുന്ന്: ക്വാറികള്‍ ഭീഷണിയാവുന്നു
text_fieldsകോഴിക്കോട്: ക്ഷേത്രങ്ങളിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുമ്പോഴും കരിങ്കല്‍ ക്വാറികളിലെ വെടിമരുന്നുശാലകളും അപകട ഭീഷണിയാകുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3000ത്തിലധികം ക്വാറികളില്‍ പലതിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും കര്‍ശന പരിശോധനയോ സുരക്ഷാ മുന്‍കരുതലോ ഇല്ല. എക്സ്പ്ളോസിവ് ലൈസന്‍സോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 129 പടക്കശാലകളാണെന്നാണ് ഒൗദ്യോഗിക വിശദീകരണം. സംസ്ഥാനത്താകമാനം 2500ഓളം ചെറുകിട കരിങ്കല്‍ ക്വാറികളും 300ല്‍പരം വന്‍കിട ക്വാറികളും പ്രവര്‍ത്തിക്കുന്നു. ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലാളികള്‍ ഇവയുമായി നേരില്‍ ബന്ധപ്പെട്ട് ജീവിക്കുന്നു. ഇവര്‍ക്കു പുറമെ ഓരോ ക്വാറികളുടെയും സമീപവാസികളായ കുടുംബങ്ങര്‍ക്കും ഭീഷണിയാണ്.
സ്ഫോടക വസ്തുക്കള്‍ കൈകാര്യംചെയ്യുന്നതു സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പാലിക്കുന്നില്ല. പടക്കശാലകളിലും ക്വാറികളിലുമടക്കം സ്ഫോടക വസ്തു സംബന്ധിച്ച നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവികള്‍ കാലാകാലങ്ങളില്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തുന്നതിനും അനുവദനീയമായ സ്ഫോടക വസ്തുക്കളുടെ അളവ് ഉറപ്പുവരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുമാണ് പൊലീസിനുള്ള നിര്‍ദേശം.
അവരവരുടെ അധികാര പരിധിയില്‍ വരുന്ന ഇത്തരം സ്ഥലങ്ങളില്‍ പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവികള്‍ നേതൃത്വം നല്‍കുകയും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണമെന്നും നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. ക്വാറി മുതലാളിമാരുമായും പടക്ക നിര്‍മാണ കേന്ദ്രങ്ങളുമായും വില്‍പനകേന്ദ്രങ്ങളുമായും പൊലീസുകാരില്‍ പലര്‍ക്കും അവിശുദ്ധ ബന്ധമുണ്ട്. ലൈസന്‍സുള്ള നിര്‍മാണ കേന്ദ്രങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ പടക്കങ്ങള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വന്‍ സ്ഫോടക വസ്തുക്കളാണ് മിക്ക ക്വാറികളിലും സൂക്ഷിക്കുന്നത്.
സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലൈസന്‍സ് എടുക്കേണ്ടതാണ്. അനുവദിച്ച അളവില്‍ മാത്രമേ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാവൂ. അത് രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് 100 മീറ്റര്‍ ചുറ്റളവില്‍ വീടുകളോ മറ്റു സ്ഥാപനങ്ങളോ ഉണ്ടാവരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പരസ്യമായി ലംഘിക്കപ്പെടുന്നത്.
അതേസമയം, കരിങ്കല്‍ ക്വാറികളില്‍ പരിശോധന കര്‍ശനമാക്കിയതായി ഉത്തരമേഖലാ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സുള്ളത് എത്ര, അംഗീകാരമില്ലാത്തവ എത്ര തുടങ്ങി വിശദ പരിശോധന നടത്തി റെയ്ഡ് നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികളുള്ള മേഖലയാണിത്. ആകെ നടത്തിയ പരിശോധനയും നടപടിയും സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികളുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിച്ച ശേഷം നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.