ദുരന്തദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു -യെച്ചൂരി
text_fieldsന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരെ ദുരന്തദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചതിനെതിരെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ദിവസത്തെ സന്ദര്‍ശനം മോദി ഒഴിവാക്കേണ്ടതായിരുന്നെന്നും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് താന്‍ അവിടെ വരാതിരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
മോദിയുടെ സന്ദര്‍ശനം രോഗികളെ ചികിത്സിക്കുന്നതിന് തടസമായതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് പറഞ്ഞിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയോടൊപ്പം നൂറോളം പേർ വാർഡിലേക്ക് കടന്നുവന്നത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു. ആശുപത്രി അധികൃതരുടെ വിലക്ക് മറികടന്നാണ് മോദിക്കും രാഹുലിനും ഒപ്പം നിരവധിപേർ ഐ.സി.യുവിലേക്ക് പ്രവേശിച്ചത്. 60 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന വാർഡുകളിലായിരുന്നു വി.വി.ഐ.പികൾ സന്ദർശനത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നഴ്സുമാരേയും ഡോക്ടർമാരേയും വാർഡുകളിൽ കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സർജിക്കൽ വാർഡിലെ നഴ്സുമാരോട് 30 മിനിറ്റോളം പുറത്തുനിൽക്കാൻ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടു. ചികിത്സ ലഭ്യമാകേണ്ടിയിരുന്ന ഏറ്റവും നിർണായക സന്ദർഭത്തിലാണ് പരിക്കേറ്റവർക്ക് ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടത്. ഇത് പലരുടേയും ചികിത്സയേയും ബാധിച്ചതായി നഴ്സുമാരും ഡോക്ടർമാരും പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറോടും മെഡിക്കൽ വകുപ്പ് ഡയറക്ടറോടും പുറത്തു നിൽക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആ സമയത്ത് ചെറിയ തർക്കം പോലും ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനം നടത്തുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചുവെന്ന് ഡി.ജി.പി. ടി.പി. സെൻകുമാർ ഇന്നലെ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള നീക്കം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മോദിയുടെ സന്ദര്‍ശനം വിവാദമാക്കാനുള്ള നീക്കം കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.