പൊലീസിനെ ഒഴിവാക്കിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വിമര്‍ശിക്കപ്പെടുന്നു
text_fieldsകൊല്ലം: വെടിക്കെട്ട് ദുരന്തത്തിലേക്ക് വഴിവെച്ച സംഭവങ്ങളില്‍ പൊലീസിനെ ഒഴിവാക്കിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വിമര്‍ശിക്കപ്പെടുന്നു. ക്ഷേത്രം ഭാരവാഹികള്‍, വെടിക്കെട്ട് കരാറുകാര്‍, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. നിരോധ ഉത്തരവിന്‍െറ രേഖകള്‍ മുന്നിലുള്ളപ്പോള്‍ വാക്കാല്‍ അനുമതി കൊടുത്തുവെന്ന ഭാഷ്യത്തിലാണ് അന്വേഷണസംഘം. ഫോണ്‍ രേഖകളാണ് ഇതിനു തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍, രേഖാമൂലമുള്ള ഉത്തരവ് നിലനില്‍ക്കെ ആ വഴിക്ക് ക്രൈംബ്രാഞ്ച് സംഘം പോകാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ആദ്യം അനുമതി നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയ സിറ്റി പൊലീസ് കമീഷണര്‍ രണ്ടു ദിവസത്തിനു ശേഷം വെടിക്കെട്ടിന് അനുകൂലമായി കത്ത് നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം നിരോധം പിന്‍വലിക്കാന്‍ തയാറായില്ല. മത്സരക്കമ്പത്തിന്‍െറ കാര്യം പറയാതെയാണ് വെടിക്കെട്ടിന് അനുമതിതേടി പുറ്റിങ്ങല്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അപേക്ഷ നല്‍കിയതെന്നാണ് ഈമാസം ആറിന് സിറ്റി പൊലീസ് കമീഷണര്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് ഒമ്പതിനു നല്‍കിയ രണ്ടാമത്തെ കത്തില്‍ കമീഷണര്‍ ആവശ്യപ്പെട്ടു. ആദ്യ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വെടിക്കെട്ട് നിരോധിച്ച് എ.ഡി.എം ഉത്തരവിറക്കി. ഇതെല്ലാം നിലനില്‍ക്കെ ഉത്സവത്തോടനുബന്ധിച്ച് പൊലീസിന്‍െറ സാന്നിധ്യത്തില്‍ വെടിക്കെട്ട് നടന്നു. ഇതു വന്‍ ദുരന്തത്തില്‍ കലാശിച്ചതോടെയാണ് അനുമതിയുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിലെ ഉന്നതരും അന്വേഷണ സംഘവും നിലപാടെടുത്തത്. വാക്കാല്‍ അനുമതി നല്‍കിയെന്നുകാട്ടിയാണ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്. നിരോധം സംബന്ധിച്ച ഉത്തരവ് വാക്കാല്‍ എങ്ങനെ ഇല്ലാതാവുമെന്നാണ് എ.ഡി.എം എസ്. ഷാനവാസ് ഇതിനോട് പ്രതികരിച്ചത്.
അതേസമയം, നിരോധ ഉത്തരവു നിലനില്‍ക്കുന്നതിനിടെ വെടിക്കെട്ട് നടക്കാന്‍പോകുന്ന വിവരം പൊലീസ് സ്റ്റേഷനിലത്തെി അറിയിച്ചിട്ടും നടപടിയുണ്ടായില്ളെന്ന് കൊല്ലം തഹസില്‍ദാര്‍ സജിമോന്‍ ആരോപിച്ചു. രാത്രി 12 വരെ ക്ഷേത്രത്തിലുണ്ടായിരുന്ന തഹസില്‍ദാര്‍ വെടിക്കെട്ട് സുഗമമായി നടക്കുന്നതുകണ്ട് വീട്ടിലേക്ക് പോയെന്നും കലക്ടറെയോ എ.ഡി.എമ്മിനെയോ അറിയിച്ചിട്ടില്ളെന്നാണ് ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍െറ വാദം. കലക്ടറുടെ നിരോധ ഉത്തരവുമായി ക്ഷേത്ര ഭാരവാഹികളെയും പിന്നീട് പരവൂര്‍ സി.ഐ ഓഫിസിലത്തെി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ളെന്ന് സജിമോന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.