മലയാളി സംഘടനകള്‍ നിര്‍മിച്ച വീടുകളില്‍ 41 എണ്ണം ഇന്ന് കൈമാറും
text_fieldsചെന്നൈ: നൂറ്റാണ്ടിന്‍െറ പ്രളയം തൂത്തെറിഞ്ഞ ചെന്നൈയില്‍ മലയാളികളുടെ കനിവിന്‍െറ നേര്‍ക്കാഴ്ചയായി വേളാച്ചേരി മൈലൈ ബാലാജി നഗര്‍ ഒരുങ്ങുന്നു. ചാക്കും താര്‍പ്പായയും മേല്‍ക്കൂരയാക്കിയ തെരുവിലെ അന്തേവാസികള്‍ക്ക് വെയിലും കാറ്റുമേല്‍ക്കാതെ കേറിക്കിടക്കാന്‍ ഒരിടമായി. ഇവരുടെ മുന്നില്‍ മലയാളികളെല്ലാം അനുകമ്പയൂറുന്ന ദൈവതുല്യരാണ്. മലയാളം സംസാരിക്കുന്നത് കേട്ടാല്‍ ഈശ്വരസാമീപ്യം പോലെ അറിയാതെ കൈകൂപ്പി അടുത്തത്തെും.
‘എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. കടവുളിനെ (ദൈവം) ഞങ്ങള്‍ കണ്ടിട്ടില്ല. ഇപ്പോഴിതാ ഈ സാറുമാര്‍ അടുത്തു നില്‍ക്കുമ്പോള്‍ ഈശ്വരനെ ഞങ്ങള്‍ നേരിട്ട് കാണുന്നു’ ആനന്ദാശ്രുക്കള്‍ ഇറ്റിവീഴുന്നതിനിടെ സംസാര വൈകല്യമുള്ള ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ ചെന്നൈയിലെ മലയാളി കൂട്ടായ്മാ പ്രവര്‍ത്തകരെ നോക്കി പറഞ്ഞൊപ്പിച്ചു. മൈലെ ബാലാജി നഗറിലേതുള്‍പ്പെടെ നൂറുകണക്കിന് അനാഥ കുടുംബങ്ങള്‍ സ്വപ്നങ്ങള്‍ നെയ്തെടുക്കുന്നത് സംയുക്ത മലയാളി സംഘടനകളുടെ ഒത്തൊരുമയോടുള്ള അശ്രാന്ത പരിശ്രമത്തിന്‍െറ ഫലമാണ്. കോളനിയില്‍ നിര്‍മിച്ച 41 വീടുകള്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.
ഡിസംബറില്‍ എട്ടാം തീയതി എം.ഇ.എസ് റസീനാ സ്കൂളില്‍ ജാതിമതസാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുപ്പതോളം സംഘടനകള്‍ ചേര്‍ന്ന് സംയുക്ത കര്‍മസമിതി രൂപവത്കരിച്ചു. പ്രളയ ദിവസങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സജീവത നിലനിര്‍ത്തി സേവനം തുടരാന്‍ തീരുമാനമായി; തങ്ങളെ കൈനീട്ടി സ്വീകരിച്ചവരെ പുനരധിവസിപ്പിക്കാന്‍. അഞ്ച് കോടി രൂപയുടെ പദ്ധതിയിലേക്ക് കേരള സര്‍ക്കാര്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിലൂടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ പണം നല്‍കി. ചെന്നൈയിലെ വ്യാപാരി ഉദ്യോഗസ്ഥ മലയാളി സമൂഹവും ഉദാര മനസ്സുകൊണ്ടും ശരീരം കൊണ്ടും പദ്ധതിയുടെ ഭാഗമായി.
കൂടുതല്‍ ദുരിതത്തിനിരയായ ചെന്നൈയിലെ ഏതെങ്കിലുമൊരു ഗ്രാമം ദത്തെടുക്കാനുള്ള അന്വേഷണത്തിനിടെയാണ് വേളാച്ചേരി പള്ളിക്കരണിക്കടുത്ത് മൈലൈ ബാലാജി നഗറിനെ കണ്ടത്തെുന്നത്. കുടിലുകള്‍ മാത്രമായ കോളനിയിലെ സംസാരശേഷിയില്ലാത്ത ലക്ഷ്മിയും മകള്‍ ഐശ്വരയും താമസിച്ചിരുന്ന വീടാണ് ആദ്യം നന്നാക്കിയെടുത്തത്. 360 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ആവശ്യക്കാര്‍ ഏറെയായതോടെ 41 വീടുകളും കോളിനിയില്‍ മനോഹരമായ കമ്യൂണിറ്റി ഹാളും പണിത് നല്‍കി. 270 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. ഒരു വീടിന് 1.65 ലക്ഷം രൂപ ചെലവഴിച്ചു. കോളനിക്കാരുടെ കല്യാണവും മറ്റ് ചടങ്ങുകളും ഹാളില്‍ നടത്താം. ഇതുള്‍പ്പെടെ 75 ലക്ഷം രൂപ ചെലവഴിച്ചു.
മറ്റൊരു 75 ലക്ഷം രൂപ ചെലവഴിച്ച് 60 വീടുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും. കിലോമീറ്ററുകള്‍ അകലെയുള്ള ചെങ്കല്‍പേട്ട് കുപ്പത്ത് കണ്‍ട്രത്തെ ആദിവാസി ഇരുള വിഭാഗമായ 28 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും മലയാളി കൂട്ടായ്മ തയാറെടുത്തു കഴിഞ്ഞതായി ചെയര്‍മാന്‍ എ.വി. അനൂപും ജനറല്‍ കണ്‍വീനര്‍ എം.പി. അന്‍വറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.