പരവൂർ ദുരന്തം: കരാറുകാരൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിന്‍റെ കരാറുകാരൻ കൃഷ്ണൻകുട്ടി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. എറണാകുളം സൗത്തിലെ ലോഡ്ജിൽ ആയിരുന്നു ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എത്തുന്നതിന് 10 മിനിറ്റ് കൃഷ്ണൻകുട്ടി രക്ഷപ്പെടുകയായിരുന്നു. കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിയുടെ ചിത്രം ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദുരന്തത്തിനുശേഷം എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും എത്തിയിരുന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.
അതേസമയം, വെടിക്കെട്ട് ദുരന്തക്കേസില്‍ ഇതിനകം 21 പേരാണ് ക്രൈംബ്രാഞ്ചിന്‍െറ പിടിയിലായത്. കമ്പക്കെട്ടിന് സഹായിക്കാന്‍ വന്ന മൂന്ന് തൊഴിലാളികളെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചുപേര്‍ റിമാന്‍ഡിലാണ്. കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ വര്‍ക്കല ചെമ്മരുതി മുട്ടപ്പലം ഹരിജന്‍ കോളനി ചരുവിളവീട്ടില്‍ കൊച്ചുമണി (60), ഇയാളുടെ മകന്‍ വിനോദ് (33), തൊഴിലാളികളായ ചെമ്മരുതി വണ്ടിപ്പുര കോവൂര്‍ മാവിളവീട്ടില്‍ അജയന്‍ (32), തുളസി (38), ഇടവ തോട്ടുമുഖം അംബേദ്കര്‍ കോളനിയില്‍ അശോകന്‍ (55) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
നേരത്തേ ആറ് കമ്പക്കെട്ട് തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഏഴ് ക്ഷേത്രം ഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുവരുകയാണ്. 20ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും. മത്സരക്കമ്പമാണ് നടത്തിയതെന്ന് നേരത്തേനല്‍കിയ മൊഴി ഇവര്‍ ആവര്‍ത്തിച്ചതായാണ് വിവരം. ക്ഷേത്ര മാനേജിങ് കമ്മിറ്റിയിലെ എട്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, പരവൂർ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടർക്കെതിരെ ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകി. വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയത് കലക്ടറുടെ നിർദേശപ്രകാരമാണ്. വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും അന്വേഷണ സംഘത്തിന് ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്.
ഏപ്രിൽ എട്ടിന് രണ്ടു മണിക്കാണ് വെടിക്കെട്ട് നിരോധിക്കുന്നത്. അന്നു മൂന്നരയോടെയാണ് കലക്ടറെ കണ്ടത്. പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് വാങ്ങി വെടിക്കെട്ട് നടത്താനാണ് കലക്ടർ അനുമതി നൽകിയത്. കമീഷണറുടെ റിപ്പോർട്ട് വാങ്ങി ഈ വിവരം എ.ഡി.എമ്മിനെ അറിയിച്ചെന്നും ഭാരവാഹികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. തെളിവിനായി കലക്ടറുടെ ചേംബറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ദൃശ്യങ്ങൾക്കായി ക്രൈംബ്രാഞ്ച് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.