വർണ വിസ്മയം തീര്‍ത്ത് കുടമാറ്റം
text_fieldsതൃശൂർ: നാദ വിസ്മയം തീര്‍ത്ത് തൃശൂർ പൂരം കൊട്ടിക്കയറുന്നു. വർണ്ണ വിസ്മയം തീർത്ത് കുടമാറ്റവും കാഴ്ചയുടെ വസന്തം തീർത്തു. പാറമേക്കാവ് - തിരുവമ്പാടി ദേവിമാര്‍ തെക്കേഗോപുരനടയില്‍ മുഖാമുഖം നിന്ന് വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി മത്സരിച്ചപ്പോൾ ആര്‍പ്പുവിളികൾ വാനോളമുയര്‍ന്നു. പച്ചയും ചുവപ്പും നീലയും സ്വര്‍ണ വര്‍ണമുള്‍പ്പടെ നിറങ്ങള്‍ മിന്നിമറഞ്ഞ പട്ടുകുടകളിലേറി കഥകളി മുഖവും നൃത്തം ചെയ്യുന്ന രൂപങ്ങളും കാളിയ മര്‍ദനമാടുന്ന ശ്രീകൃഷ്ണനും പൂരനഗരിയിലെത്തി.
പട്ടുകുടകള്‍ക്കൊപ്പം സ്പെഷല്‍ കുടകളും പാറമേക്കാവും തിരുവമ്പാടിയും ഉയര്‍ത്തി. വെണ്ണ കൈയിലേന്തിയ ഉണ്ണിക്കണ്ണന്‍റെ കുടയുമായി തിരുവമ്പാടിയാണ് സ്‌പെഷല്‍ കുടകള്‍ ആദ്യമുയര്‍ത്തി മത്സരത്തിന് തുടക്കം കുറിച്ചത്.
ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂർ പൂരസാഗരമായി. പൂരപ്രേമികൾക്ക് ആവേശം പകരുന്നതായിരുന്നു മഠത്തില്‍ വരവ് പഞ്ചവാദ്യം. പെരുവനം കുട്ടൻമാരാരുടെ നേതൃത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോൾ പൂരത്തിന് രൗദ്രതാളം. കടുത്ത ചൂടിനെ പോലും അവഗണിച്ച് മേളം തുടങ്ങി അവസാനം വരെ പൂരപ്രേമികളുടെ കൈകൾ വായുവിൽ താളം പിടിച്ചു.
തിരുവമ്പാടി തന്നെ ഉയര്‍ത്തിയ അരയന്നത്തിലിരിക്കുന്ന ദേവിയുടെ സ്‌പെഷല്‍ കുടക്കും ശേഷമാണ് പാറമേക്കാവിന്റെ സ്‌പെഷല്‍ കുടകള്‍ ആനപുറത്തേറിയത്. ഓടക്കുഴലൂതുന്ന കൃഷ്ണന്റെ അതിമനോഹര സ്‌പെഷല്‍ കുടകളുമായി പാറമേക്കാവ് നല്‍കിയ മറുപടിക്ക് തിരുവമ്പാടി ഉയര്‍ത്തിയത് വീണ്ടും വര്‍ണ്ണക്കുടകളായിരുന്നു. അനന്തശയനവും എല്‍.ഇ.ഡി കുടകളും രണ്ടും മൂന്നും നിലകളുള്ള പട്ടുകുടകളും കുടമാറ്റത്തിന്‍റെ മാറ്റുകൂട്ടി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ തന്നെ കുടമാറ്റം പൂര്‍ത്തിയാക്കി ദേവിമാര്‍ പിരിഞ്ഞു. പുലര്‍ച്ചെ നടക്കുന്ന നാദ-വര്‍ണ വിസ്മയമൊരുക്കുന്ന വെടിക്കെട്ടിനായി കാതോര്‍ത്ത് പൂരപ്രേമികളും പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.