തെരഞ്ഞെടുപ്പ് ക്രമസമാധാനം: തടവുകാരുടെ പരോളിലും നിയന്ത്രണം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ക്രമസമാധാനത്തിന്‍െറ പേരില്‍ രാഷ്ട്രീയക്കാരുടെ കരുതല്‍ തടങ്കലിന് പുറമെ പരോളിലും നിയന്ത്രണം. രാഷ്ട്രീയത്തടവുകാരുള്‍പ്പെടെയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരോള്‍ അനുവദിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം.
പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ അടിയന്തരഘട്ടത്തില്‍ പരോള്‍ അനുവദിക്കണമെങ്കില്‍ കമീഷന്‍െറ പ്രത്യേകാനുമതി വാങ്ങണമെന്നാണ് ചട്ടം. തടവുകാര്‍ക്ക് ആദ്യ പരോള്‍ അനുവദിക്കേണ്ടത് ജയില്‍ ഡി.ജി.പിയാണ്. പിന്നീടുള്ള സാധാരണ പരോളുകളും അടിയന്തര പരോളുകളും അനുവദിക്കേണ്ടത് ജില്ലാ ജയില്‍ സൂപ്രണ്ടുമാരും. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ ജയില്‍ സൂപ്രണ്ടുമാരുടെ ഈ അധികാരം മരവിപ്പിക്കപ്പെട്ടു. ഇതോടെ തടവുകാരുടെ പരോള്‍ അപേക്ഷ സൂപ്രണ്ടുമാര്‍ ഡി.ജി.പി മുഖേന തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കണം.
പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം സംസ്ഥാനത്തെ ജയിലുകളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് കമീഷന്‍ പരോള്‍ അനുവദിച്ചത്. ചീമേനി, നെട്ടുകാല്‍ത്തേരി തുറന്ന ജയിലുകളിലെ ഈ തടവുകാര്‍ക്ക് മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്.
1951ലെ നിയമപ്രകാരം തടവുകാര്‍ക്ക് വോട്ടവകാശമില്ല. 1958ലെ ജയില്‍നിയമങ്ങളും ഇതു ശരിവെക്കുന്നു. വോട്ടവകാശമില്ലാത്തവര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറങ്ങേണ്ട ആവശ്യമില്ളെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത പ്രദേശങ്ങളിലെ കള്ളവോട്ടുള്‍പ്പെടെയുള്ള ക്രമസമാധാനപ്രശ്നങ്ങള്‍ തടയുന്നതിനും പരോള്‍ നിയന്ത്രണം ആവശ്യമാണെന്ന നിലപാടിലാണ് കമീഷന്‍. സംസ്ഥാനത്ത് മൂന്നു സെന്‍ട്രല്‍ ജയിലും രണ്ടു തുറന്നജയിലുമടക്കം 55 ജയിലുകളാണുള്ളത്. ഇവിടങ്ങളില്‍ ഏകദേശം 7213 തടവുകാരുണ്ട്. ഇവരില്‍ 4586 പേര്‍ വിചാരണത്തടവുകാരാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാറന്‍റ് കേസുകളിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വാറന്‍റ് പ്രതികളെ കരുതല്‍ തടവിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.